തിരുവനന്തപുരം: ശ്രവണ സഹായി നഷ്ടപ്പെട്ടതോടെ പ്രയാസത്തിലായ വിദ്യാർത്ഥിക്ക് സഹായവുമായി തിരുവനന്തപുരം കോർപ്പറേഷൻ.തിരുവനന്തപുരം രാജാജി നഗർ കോളനിയിലെ പ്ലസ് ടു വിദ്യാർത്ഥിയായ റോഷന് പുതിയ ശ്രവണ സഹായി മേയർ ആര്യ രാജേന്ദ്രൻ കൈമാറി. കിംസ് ഹോസ്പിറ്റലിന്റെ സഹായത്തോടെയാണ് തിരുവനന്തപുരം കോർപ്പറേഷൻ റോഷന് പുതിയ ശ്രവണ സഹായി വാങ്ങി നൽകിയത്. നിരവധി പേരാണ് റോഷനെ സഹായിക്കാൻ വേണ്ടി കോർപ്പറേഷനെ സമീപിച്ചതെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു.

നമുക്ക് നന്മ നഷ്ടപെട്ടിട്ടില്ലെന്ന് തോന്നിയ നിമിഷമായിരുന്നു അത്. എല്ലാവർക്കും ഈ അവസരത്തിൽ നന്ദി അറിയിക്കുവെന്നും ആര്യ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം അച്ഛനൊപ്പം സ്‌കൂളിൽ നിന്ന് ബൈക്കിൽ മടങ്ങുമ്പോഴാണ് റോഷന് ശ്രവണ സഹായി നഷ്ടപ്പെട്ടത്. ശ്രവണ സഹായി നഷ്ടമായതോടെ സ്‌കൂളിൽ പോലും പോകാതെ വീട്ടിലിരിക്കുന്ന അവസ്ഥയായിരുന്നു. സ്‌കൂൾ ബാഗിലായിരുന്നു ഒന്നരലക്ഷം രൂപ വില വരുന്ന ശ്രവണ സഹായി ഉണ്ടായിരുന്നത്.

നാലുമാസം മുമ്പ് പുനർജ്ജനി പദ്ധതി വഴിയാണ് റോഷന് ശ്രവണ സഹായി കിട്ടിയത്. ജനിച്ചപ്പോൾ മുതൽ ഉണ്ടായിരുന്ന വലിയ പ്രശ്‌നങ്ങൾക്കാണ് അതോടെ അന്ന് പരിഹാരമായത്. എന്നാൽ, ശ്രവണ സഹായി നഷ്ടപ്പെട്ടതോടെ റോഷൻ ആകെ പ്രയാസത്തിലായിരുന്നു. ജഗതി സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥിയാണ് റോഷൻ. പഠനത്തിൽ മാത്രമല്ല നൃത്തത്തിലും അഭിനയത്തിലുമെല്ലാം കഴിവ് തെളിയിച്ച റോഷൻ എല്ലാവരുടെയും പ്രിയപ്പെട്ടവനാണ്.

രാജാജി നഗറിലുള്ള വാടക വീടിന്റെ ചുമരിലേക്ക് നോക്കിയാൽ മാത്രം മതിയാകും റോഷന്റെ മിടുക്കറിയാൻ. ശ്രവണ സഹായി അടങ്ങുന്ന ബാഗ് നഷ്ടപ്പെട്ട വിവരം അച്ഛൻ ലെനിൻ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ നാടൊന്നാകെ വിഷയത്തിൽ ഇടപ്പെട്ടത്. മാധ്യമങ്ങൾ ഈ വാർത്ത നൽകിയതോടെ കോർപ്പറേഷൻ ഇടപെടുകയും കിംസ് ഹോസ്പിറ്റലിന്റെ സഹായത്തോടെ ശ്രവണ സഹായി വാങ്ങി നൽകുകയുമായിരുന്നു.