തിരുവനന്തപുരം: മാലിന്യമുക്ത നവകേരളം ലക്ഷ്യം കൈവരിക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകള്‍ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടു പോകുമ്പോള്‍ സമൂഹം ഉത്തരവാദിത്തം കാട്ടണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഉത്തരവാദിത്ത ബോധമില്ലാതെ മാലിന്യം വലിച്ചെറിയുന്ന സമീപനത്തിനും മനോഭാവത്തിനും മാറ്റം ഉണ്ടാകണം. ഇക്കാര്യത്തില്‍ അലംഭാവംകാട്ടിയാല്‍ പിഴയും ശിക്ഷയുമുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മാലിന്യമുക്ത ഹരിത എക്‌സൈസ് ഓഫീസ് തീവ്രയത്‌ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എക്‌സൈസ് ആസ്ഥാനത്ത് നിര്‍വഹിച്ച് സംസാരിക്കുകമായിരുന്നു അദ്ദേഹം.

ദേശീയ സീറോ വേസ്റ്റ് ദിനമായ മാര്‍ച്ച് 30 ന് കേരളത്തെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിലുള്ള പരിശ്രമങ്ങളാണ് നടന്നുവരുന്നത്. മാലിന്യമുക്ത നവകേരളം ക്യാമ്പയില്‍ ആരംഭിച്ചതിനുശേഷം കഴിഞ്ഞ ഒന്നര വര്‍ഷമായി ഒട്ടനവധി മാറ്റങ്ങളുണ്ടായി. ഹരിതകര്‍മസേനയുടെ വാതില്‍പ്പടി മാലിന്യശേഖരണം 47 ല്‍ നിന്നും 90 ശതമാനായി വര്‍ദ്ധിച്ചു. വാര്‍ഡ് തലങ്ങളിലെ മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററുകളുടെ എണ്ണം 7400 ല്‍ നിന്നും 19600 ആയി. മാലിന്യം വേര്‍തിരിച്ച് സംസ്‌കരിക്കുന്നതിനുള്ള അത്യാധുനിക സജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സ്‌കൂളുകളെ മാലിന്യ മുക്തമാക്കുന്നതില്‍ മികച്ച ഫലമുണ്ടായിട്ടുണ്ട്. കോളേജുകള്‍, പൊതു സ്ഥലങ്ങള്‍, കവലകള്‍ തുടങ്ങിയ ഇടങ്ങളില്‍ വലിയമാറ്റങ്ങള്‍ ഇതിനോടകം ഉണ്ടായി. മാലിന്യ നിര്‍മാര്‍ജനത്തില്‍ അല്‍പം പിന്നില്‍ നില്‍ക്കുന്ന 182 തദ്ദേശ സ്ഥാപനങ്ങളെക്കൂടി മുന്നിലെത്തിക്കുന്നതില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കിവരുന്നതായും മന്ത്രി അറിയിച്ചു.

ആന്റണി രാജു എംഎല്‍എ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ പാളയം രാജന്‍, എഡിജിപിയും എക്‌സൈസ് കമ്മീഷണറുമായ മഹിപാല്‍ യാദവ്, അഡ്മിനിസ്‌ട്രേഷന്‍ അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ കെ എസ് ഗോപകുമാര്‍, എന്‍ഫോഴ്‌സ്‌മെന്റ് അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ വിക്രമന്‍ പി, ഐഎഡബ്ല്യു ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ബി രാധാകൃഷ്ണന്‍, കെഎസ്ഇഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ മോഹന്‍കുമാര്‍, കെഎസ്ഇഎസ്എ സംസ്ഥാന പ്രസിഡന്റ് റ്റി സജുകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.