തിരുവനന്തപുരം:എൽ.ഡി ക്ലർക്ക് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥിയെ മനഃപൂർവം ഒഴിവാക്കാനായി ഒഴിവ് റിപ്പോർട്ട് ചെയ്യാൻ വൈകിച്ചുവെന്ന ആരോപണം കെട്ടിച്ചമച്ച വാർത്ത മാത്രമെന്ന് മന്ത്രി എം.ബി രാജേഷ്. ഇക്കാര്യത്തിൽ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഉയരുന്ന ആരോപണങ്ഹൾ തീർത്തും അടിസ്ഥാന രഹിതമാണ്.വാർത്ത ശ്രദ്ധയിൽപെട്ടയുടനെ ഈ വിഷയത്തിൽ റിപ്പോർട്ട് തേടിയിരുന്നു.റാങ്ക് ലിസ്റ്റ് അവസാനിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ് 2018 മാർച്ച് 28ന് എൻ.ജെ.ഡി ഒഴിവുകൾ ഉൾപ്പെടെ ഏതാനും എൽ.ഡി.സി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

ആറ് ജില്ലകളിലായി 12 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്.മാർച്ച് 29,30 തീയതികൾ അവധി ദിനങ്ങളായിരുന്നു.ഇതേ തുടർന്ന് 14 ജില്ലകളിലെയും ക്ലാർക്കുമാരുടെ നിയമന ചുമതലയുള്ള ഉദ്യോഗസ്ഥന്മാർ നിയമനത്തിനുള്ള നടപടി യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തിയാക്കുന്നതിന് ഈ ദിവസങ്ങളിൽ നടപടി സ്വീകരിച്ചിരുന്നു.വകുപ്പ് തലവന്റെ അനുമതി ലഭിക്കാൻ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് പോയി രാത്രി 11.30നാണ് ഒപ്പിടീച്ചത്.തുടർന്ന് എല്ലാ ജില്ലാ ഓഫീസിലേക്കും രാത്രി 11.36 മുതൽ ഇമെയിൽ വഴി ഒഴിവ് റിപ്പോർട്ട് ചെയ്തിരുന്നു.കണ്ണൂർ ,ഏറണാകുളം ജില്ലകൾക്ക് അയക്കുന്നത് രാത്രി 12 നാണ്.കണ്ണൂരിൽ നിയമനം നൽകി,എറണാകുളത്ത് മെയിൽ കിട്ടിയസമയം 12 മണി നാലു സെക്കന്റ് ആണ് എന്ന് പറഞ്ഞ് പി.എസ്.സി നിയമനം നൽകിയില്ല.എന്നാൽ അയച്ച മെയിലിലെ സമയം 12 മണി എന്ന് വ്യക്തമാക്കുന്ന തെളിവുകളുണ്ട്.

2018 മാർച്ചിൽ റാങ്ക് ലിസ്റ്റ് അവസാനിക്കുന്നത് പരിഗണിച്ച് മികച്ച പ്രവർത്തനമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടത്തിയത്. അവധി ദിനത്തിൽ ഓഫീസിലെത്തിയും അർദ്ധരാത്രി വരെ ജോലിചെയ്തും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ശ്രദ്ധിച്ചു. ഇങ്ങനെ റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ നിരവധി പേർ ആ കാലയളവിൽ തന്നെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോൾ വ്യക്തമാകുന്നത് ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയില്ല എന്നാണെന്ന് മന്ത്രി പറഞ്ഞു.

ഇത്തരത്തിൽ ആത്മാർത്ഥമായി പ്രവർത്തിച്ച ഉദ്യോഗസ്ഥരെ അപമാനിക്കാനും ഇകഴ്‌ത്തിക്കാട്ടുന്നതുമാണ് വാർത്ത പുറത്തുവിട്ടത്.ജോലി ലഭിക്കാതിരുന്ന ഉദ്യോഗാർഥിയുടെ ദുഃഖം മനസിലാക്കുന്നു.അതോടൊപ്പം തന്നെ ആത്മാർത്ഥമായി അർധരാത്രിയിലും അവധി ദിനത്തിലും ജോലി ചെയ്ത ഉദ്യോഗസ്ഥരെയും കാണണം.രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെ സർക്കാരിനെതിരെ വാർത്ത ചമയ്ക്കാനുള്ള നീക്കമാണ് നടന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ട നിലയിൽ റാങ്ക് ഹോൾഡർമാരുടെ ശക്തമായ സമരം നടന്നത് 2021 ജനുവരി ഫെബ്രുവരി മാസത്തിലാണ്. ഈ സമരത്തിൽ പങ്കെടുത്തതിന്, മൂന്ന് വർഷം മുൻപേ അവസാനിച്ച റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥിക്ക് ജോലി നിഷേധിച്ചു എന്ന ആരോപണം ശുദ്ധ അസംബന്ധമാണ്. സർക്കാരിനെതിരെ മനഃപൂർവം ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ ആരോപണം മാത്രമാണീ വാർത്ത എന്ന് ഇത് അടിവരയിടുന്നതായും ആരോപണത്തിന് മറുപടിയായി മന്ത്രി കൂട്ടിച്ചേർത്തു.