കണ്ണൂർ: കണ്ണൂർ നഗരത്തിൽ പൊലിസ് നടപ്പിലാക്കുന്ന ക്ളീൻസിറ്റി പദ്ധതി ഫലം കാണുന്നു. മാരക മയക്കുമരുന്നായ എം ഡി എം എ യും കഞ്ചാവും 924 ലിറ്റർ സ്പിരിറ്റും കണ്ണൂർ ടൗൺ പൊലീസ് പിടികൂടി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാറിന്റെ നിർദ്ദേശപ്രകാരം മയക്കു മരുന്നിന്റെ ഉപയോഗവും വിൽപ്പനയും തടയുന്നതിനായി കണ്ണൂർ സിറ്റി പൊലീസ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കണ്ണൂർ സിറ്റി ഡാൻസാഫും, അതാത് സ്റ്റേഷൻ പരിധിയിലെ പൊലീസും ചേർന്ന് നടത്തി വരുന്നക്ളീൻസിറ്റി പദ്ധതിയുടെ ഭാഗമായുള്ള പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

തിങ്കളാഴ്‌ച്ച രാത്രിയിൽ നടന്ന പരിശോധനയിൽ കണ്ണൂർ യോഗശാല റോഡിൽ വച്ച് ആഡംബബര കാറിൽ വിൽപ്പനക്കായി കൊണ്ടുവന്ന 4.26ഗ്രാം എം ഡി എം എ യും 3.07 ഗ്രാം കഞ്ചാവുമായി തൂവക്കുന്ന്പൊക്കയിന്റെവിട ഹൗസിൽ പി. അരുൺ(27) തൂവക്കുന്ന്വടക്കെയിൽ ഹൗസിൽ ,അജിനാസ്(27)തൂവക്കുന്ന് കിഴക്കെയിൽ ഹൗസിൽ കെ.ഷാലിൻ(30) എന്നിവരാണ് പിടിയിലായത്. ഇവരെ കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിച്ചു എൻ.ഡി. പി. എസ് ആക്റ്റു പ്രകാരം കേസെടുത്തു.

ചൊവ്വാഴ്‌ച്ച പുലർച്ചെ പള്ളിക്കുന്ന് ശ്രീപുരം സ്‌കൂളിന് മുൻവശം വച്ച് നിയമ വിരുദ്ധമായി കാറിൽ 28 കന്നാസുകളിലായി കടത്തികൊണ്ട് വന്ന 924 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തിട്ടുണ്ട്. പൊലീസിനെ കണ്ട് പെട്ടന്ന് വാഹനം റിവേഴ്സ് എടുത്ത് പോകാൻ ശ്രമിക്കവേയാണ് പിടികൂടിയത്. വാഹനം ഓടിച്ചു വന്നയാൾ ഓടി രക്ഷപ്പെട്ടു ഇയാളെ കുറിച്ച് അന്വേഷിച്ച് വരികയാണ്.

പിന്നീട് ടൗൺ സ്റ്റേഷനിൽ അബ്കാരി ആക്റ്റ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ എസ് ഐ മാരായ സി. എച്ച് നസീബ്, ഹാരിഷ്, മഹിജൻ എ എസ് ഐ മാരായ അജയൻ, രഞ്ജിത്ത്, എസ് സി പി ഒ മിഥുൻ, സി പി ഒ മാരായ നാസർ, റമീസ്, മെൽവിൻ,ശ്രീജേഷ്, റജിൽരാജ്, ബിനു, രാഹുൽ, അനൂപ് എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.