കൊണ്ടോട്ടി: കരിപ്പൂരില്‍ വന്‍ എംഡിഎംഎ വേട്ട. വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ അരക്കോടിയിലധികം വില വരുന്ന എം.ഡി.എം.എ പിടികൂടി. ലഹരിക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത നെടിയിരുപ്പ് ചിറയില്‍ മുക്കൂട് മുള്ളന്‍മടയ്ക്കല്‍ ആഷിഖിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് 1.66 കിലോഗ്രാം എം.ഡി.എം.എ പിടികൂടി. പ്രതിക്ക് കഴിഞ്ഞ ദിവസം ഒമാനില്‍ നിന്നും പാഴ്‌സല്‍ വന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാവിലെ കരിപ്പൂരിലെ ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു.

ഒമാനില്‍ നിന്ന് എയര്‍കാര്‍ഗോ വഴിയാണ് ഇയാള്‍ എം.ഡി.എം.എ എത്തിച്ചത്. ഒമാനില്‍ അഞ്ചുവര്‍ഷമായി സൂപ്പര്‍മാര്‍ക്കറ്റ് ലീസിനെടുത്ത് നടത്തുകയായിരുന്നു ആഷിഖ് ഇതിന്റെ മറവിലായിരുന്നു ലഹരി കച്ചവടം നടത്തിവന്നത്. കൊച്ചി,കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴിയാണ് ഇവ കേരളത്തിലെത്തിച്ചിരുന്നത്.

ജനുവരി 30ന് പൊലീസ് നടത്തിയ പരിശോധനയില്‍ മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീഖും മഹാരാഷ്ട്ര പൂനെ സ്വദേശിനി അയിഷ ഗഫര്‍ സെയ്ദും 300 ഗ്രാമിനടുത്ത് എം.ഡി.എം.എയും 6.8 ഗ്രാം കഞ്ചാവും മൂന്ന് ലക്ഷം വിലവരുന്ന ഒമാന്‍ കറന്‍സികളുമായി അറസ്റ്റിലായിരുന്നു. തുടരന്വേഷണത്തില്‍ നാലു പേര്‍ കൂടി പിടിയിലായി.

ഇവരില്‍ നിന്ന് ലഭിച്ച വിവരപ്രകാരം എം.ഡി.എം.എ എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ വൈപ്പിന്‍ സ്വദേശിനി മാഗി ആഷ്‌നയെയും സംഘാംഗം മട്ടാഞ്ചേരി സ്വദേശി ഇസ്മായില്‍ സേഠിനെയും ഫെബ്രുവരി ആദ്യവാരം കസ്റ്റഡിയിലെടുത്തു. മയക്കുമരുന്നിന്റെ ഉറവിടം തേടിയുള്ള അന്വേഷണമാണ് ആഷിഖിലേക്കെത്തിയത്. ഇതിനിടെയാണ് ഇയാള്‍ക്ക് വീണ്ടും പാഴ്‌സല്‍ എത്തിയെന്ന വിവരം ലഭിച്ചത്.