തിരുവനന്തപുരം: ലഹരിമരുന്നുമായി പിടിയിലായ യുവാവ് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. നഗരത്തിലെ ആനയറയിൽ നിന്ന് ആകാശ് കൃഷ്ണൻ (25) എന്നയാളെയാണ് എക്സൈസ് നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സാഹസികമായി പിടികൂടിയത്. ഇയാളുടെ ആക്രമണത്തിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. 12 ഗ്രാം എംഡിഎംഎയും 25 ഗ്രാം കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്.

രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ആനയറ സ്വദേശിയായ ആകാശ് കൃഷ്ണൻ പിടിയിലായത്. പൊലീസിനെ ബോംബെറിഞ്ഞ കേസിലടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. പിടിയിലാകുമെന്ന് ഉറപ്പായതോടെ ആകാശ് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ഈ ശ്രമത്തിനിടെ, ഒരു ഉദ്യോഗസ്ഥന്റെ മുഖത്തും കയ്യിലും ഇയാൾ മാരകമായി കടിച്ചു പരിക്കേൽപ്പിച്ചു. പരിക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

പ്രതിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഹരിമരുന്ന് സംഘത്തിലെ മറ്റുള്ളവർക്കായി വ്യാപകമായ അന്വേഷണം നടന്നുവരികയാണെന്ന് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ. മുകേഷ് കുമാർ അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ നിഷാദ്, പ്രിവന്റീവ് ഓഫീസർമാരായ മോൻസി, രഞ്ചിത്ത്, വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആരോമൽ രാജൻ, ഗോകുൽ, ബിനോജ്, ശരൺ, ശ്രീരാഗ്, അക്ഷയ്, അനന്ദു, വനിതാ സിവിൽ എക്സൈസ് ഓഫീസർ റജീന, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അശ്വിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.