- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യവിവരത്തിൽ പരിശോധന; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ; പിടിയിലായത് സാമൂഹമാധ്യമങ്ങളുടെ സഹായത്തോടെ ലഹരി വിൽപ്പന നടത്തിയിരുന്നവർ
കോഴിക്കോട്: എംഡിഎംഎയുമായി കോഴിക്കോട് സ്വദേശികളായ രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. ചൂലൂർ സ്വദേശി അടിയശ്ലേരി മനു, മൂഴിക്കൽ സ്വദേശി കൊരക്കുന്നുമ്മൽ മുഹമ്മദ് ഷമിൽ എന്നിവരെയാണ് കോഴിക്കോട് റെയ്ഡിനിടെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ആകെ 65 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇരുവരും വിദേശത്ത് നിന്നും വന്നവരാണ്.
രഹസ്യ വിവരത്തെ തുടർന്ന് കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. മനുവിന്റെ കോഴിക്കോട്ടെ വീട്ടിൽ നിന്ന് 55 ഗ്രാമും, ഷമിലിന്റെ എറണാകുളത്തെ ലോഡ്ജിൽ നിന്ന് 10 ഗ്രാമും എംഡിഎംഎ കണ്ടെടുത്തു. ഇവർ ഒമാനിൽ നിന്ന് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണികളാണോ എന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു.
രണ്ടു മാസം മുമ്പാണ് മനു ഒമാനിൽ നിന്നെത്തിയത്. ഷമിൽ രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. പിടിയിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, ആവശ്യക്കാർക്ക് ലാൻഡ്മാർക്ക് നൽകി എംഡിഎംഎ എത്തിച്ച ശേഷം വാട്ട്‌സ്ആപ്പ് വഴി ചിത്രങ്ങളും ലൊക്കേഷനും പങ്കുവെച്ചാണ് വിൽപ്പന നടത്തിയിരുന്നതെന്ന് പ്രതിയായ മനു സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അതിനിടെ, കേസിൽ കൂടുതൽ അന്വേഷണം ഊർജ്ജിതമാക്കുമെന്ന് കോഴിക്കോട് അസി. എക്സൈസ് കമ്മീഷണർ ആർ എൻ ബൈജു അറിയിച്ചു. റെയ്ഡിൽ സർക്കിൾ ഇൻസ്പെക്ടർ പ്രജിത് എ, പ്രിവന്റീവ് ഓഫീസർമാരായ ഷാജു സിപി, വിപിൻ, സന്ദീപ് എൻഎസ്, ജിജു, സിവിൽ എക്സൈസ് ഓഫീസർമാരായ തോബിയാസ് ടി എ, വൈശാഖ്, ഡബ്ല്യു സി ഐ ഒ ശ്രിജി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.