മലപ്പുറം: കൊണ്ടോട്ടിയിൽ 153 ഗ്രാം എം.ഡി.എം.എയുമായി നാലംഗ സംഘം പിടിയിലായി. ഷഫീഖ് (35), നൗഷാദ് (40), ഷാക്കിർ (32), റഷാദ് മുഹമ്മദ് (20) എന്നിവരാണ് പിടിയിലായത്. ഐക്കരപ്പടിക്കടുത്ത് കണ്ണവെട്ടിക്കാവ് അമ്പലക്കണ്ടി വള്ളിക്കാട്ട് വെച്ചാണ് കൊണ്ടോട്ടി പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് ഇവരെ സാഹസികമായി പിടികൂടിയത്. കാറുകളിൽ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പിന്തുടർന്നാണ് സംഘത്തെ വലയിലാക്കിയത്.

അറസ്റ്റിലായവരിൽ ഇവരിൽ മൂന്നുപേർ പൊലീസിനെ കണ്ട് കാറിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഘത്തിൽനിന്ന് 153 ഗ്രാം എം.ഡി.എം.എ, ലക്ഷത്തോളം രൂപ, ലഹരി വസ്തുക്കൾ തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, രണ്ട് കാറുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

നിരവധി കേസുകളിൽ പ്രതിയായ ഷഫീഖ്, രാസലഹരി കേസിൽ ഭാര്യയോടൊപ്പം പിടിയിലായി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഇയാൾക്കെതിരെ വയനാട്ടിൽ മൂന്നരക്കോടി രൂപ തട്ടിയെടുത്ത കേസ്, പരപ്പനങ്ങാടി സ്റ്റേഷനിൽ ലഹരിക്കേസ്, കൊണ്ടോട്ടിയിൽ കളവു കേസ് എന്നിവയും നിലവിലുണ്ട്. ഒരു വർഷം കാപ്പ നിയമപ്രകാരം ജയിലിൽ കിടന്നിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ ശേഷം കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ലഹരി വിൽപ്പനയിൽ സജീവമായിരുന്നു.

വയനാട്ടിൽ എം.ഡി.എം.എ പിടികൂടിയ കേസിൽ ജാമ്യത്തിലിറങ്ങിയയാളാണ് നൗഷാദ്. ഇയാളുടെ പേരിലും മറ്റ് രണ്ട് കേസുകൾ നിലവിലുണ്ട്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട മറ്റുള്ളവരെക്കുറിച്ചും അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. കൊണ്ടോട്ടി അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് കാർത്തിക് ബാലകുമാർ, ഇൻസ്പെക്ടർ പി.എം. ഷമീർ, ഡാൻസാഫ് സബ് ഇൻസ്പെക്ടർ വാസു എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്.