തിരുവനന്തപുരം: തലസ്ഥാന മെഡിക്കൽ കോളേജിൽ നടന്ന എം ബി ബി എസ് പ്രവേശന തട്ടിപ്പ് കേസിൽ ഹാജരാകാൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് നൽകേണ്ട സമൻസ് നൽകാത്തതിന് ഇപ്പോഴത്തെ (നിലവിലെ) സിറ്റി മെഡിക്കൽ കോളേജ് പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്ക് കോടതി മെമോ നൽകി. വിചാരണ കോടതിയായ തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടേതാണുത്തരവ്.

രേഖകൾ സഹിതം സെപ്റ്റംബർ 7 ന് ഹാജരായി മൊഴി നൽകാനായി പ്രിൻസിപ്പലിന് നൽകാൻ നിർദ്ദേശിച്ച് 2023 ഓഗസ്റ്റ് 11 നൽകിയ സമൻസുത്തരവ് പ്രിൻസിപ്പലിന് നൽകി കോടതി ഉത്തരവ് നടപ്പിലാക്കുകയോ നടപ്പിലാക്കാത്തതിന് കാരണം കാണിച്ചുള്ള റിപ്പോർട്ട് സഹിതം സമൻസ് സെപ്റ്റംബർ 7 ന് കേസ് പരിഗണിച്ചപ്പോൾ സി ഐ ഹാജരാക്കിയില്ല. തുടർന്ന് ഒക്ടോബർ 7 ന് വീണ്ടും കേസ് വിളിച്ചപ്പോഴും സിഐ ഹാജരാക്കിയില്ല. തുടർന്നാണ് കോടതി കടുത്ത നടപടിയിലേക്ക് നീങ്ങിയത്.

കോടതി ഉത്തരവ് പാലിക്കാത്തതിന് സി ഐ ക്കെതിരെ എം.സി. കേസ് നടപടിയെടുക്കുന്നതിന് മുന്നോടിയായിട്ടാണ് സി ഐ ഒക്ടോബർ 31 ന് നേരിട്ട് ഹാജരായി വിശദീകരണം ബോധിപ്പിക്കാൻ എസിജെഎം എൽസാ കാതറിൻ ജോർജ് ഉത്തരവിട്ടിരിക്കുന്നത്. പ്രിൻസിപ്പലിന് സമൻസ് നൽകുകയോ നൽകാത്തതിന് കാരണം വിശദീകരിച്ച് റിപ്പോർട്ട് സഹിതം സമൻസ് ഉത്തരവ് സെപ്റ്റംബർ 7 , ഒക്ടോബർ 7 എന്നീ തീയതികളിൽ കേസ് വിളിച്ചിട്ടും കോടതിയിൽ സമർപ്പിക്കാതെ കേരളാ പൊലീസ് നിയമം , ക്രിമിനൽ നടപടിക്രമം എന്നിവ ലംഘിച്ച് കൃത്യവിലോപവും അലംഭാവവും നിഷ്‌ക്രിയത്വവും കാട്ടിയതിന് സിഐക്കെതിരെ നടപടിയെടുക്കാതിരിക്കാൻ കാരണം വല്ലതുമുണ്ടെങ്കിൽ നേരിട്ടു ഹാജരായി ബോധിപ്പിക്കണമെന്ന് നിർദ്ദേശിച്ചാണ് കോടതി മെമോ നൽകിയത്.

പ്രതിയായ ഗോപിക കോളേജിൽ പണമടച്ചത് രേഖപ്പെടുത്തിയ ക്യാഷ് ബുക്ക് , അലുമ്നി അസോസിയേഷൻ റെക്കോർഡ് , പി റ്റി എ റെക്കോർഡ് എന്നിവയുടെ കസ്റ്റോഡിയൻ പ്രിൻസിപ്പാളാണെന്ന് സാക്ഷികളായ അക്കൗണ്ടന്റും കാഷ്യറും കോടതിയിൽ ഹാജരായി ബോധിപ്പിച്ചതിനെ തുടർന്നാണ് കോളേജ് പ്രിൻസിപ്പാൾ രേഖകൾ സഹിതം ഹാജരായി മൊഴി നൽകാനുള്ള സമൻസുത്തരവ് നടപ്പിലാക്കാൻ സർക്കിൾ ഇൻസ്പെക്ടറോട് കോടതി ഉത്തരവിട്ടത്. വിചാരണ പുരോഗമിക്കവേ സിറ്റി മെഡിക്കൽ കോളേജ് പൊലീസ് അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിനെ കോടതി രൂക്ഷമായി വിമർശിച്ചു.

പ്രതിയായ മുട്ടത്തറ സ്വദേശിനി ഗോപിക നായരെയാണ് കോടതി വിചാരണ ചെയ്യുന്നത്. പന്ത്രണ്ടാം ക്ലാസിൽ തോറ്റ ഗോപിക കൊഞ്ചിറ വിള സ്വദേശിയായ പ്ലസ് റ്റു തോറ്റ 17 കാരൻ സുഹൃത്തുമായി ചേർന്ന് പേഴ്‌സണൽ കംപ്യൂട്ടറും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിച്ച് പ്ലസ് റ്റു ജയിച്ച മറ്റൊരു വിദ്യാർത്ഥിയുടെ ഒറിജിനൽ രേഖകൾ കളർ സ്‌കാൻ ചെയ്ത് വ്യാജരേഖകൾ ചമച്ച് മെഡിക്കൽ പ്രവേശന പരീക്ഷ എഴുതി. പിന്നീട് പ്രവേശന പരീക്ഷയിൽ 357-ാം റാങ്ക് നേടിയ തിരുവല്ലം സ്വദേശിനിയായ മറ്റൊരു വിദ്യാർത്ഥിനിയുടെ യോഗ്യതാ പത്രമടക്കമുള്ള ഒറിജിനൽ രേഖകൾ കളർ സ്‌കാൻ ചെയ്തും അലോട്ട്‌മെന്റ് മെമോ ഡൗൺലോഡ് ചെയ്ത് ഫോട്ടോയും പേരും റോൾ നമ്പറും മാറ്റി വ്യാജരേഖയുണ്ടാക്കിയും മെഡിക്കൽ കോളേജിൽ ഫീസടച്ച് അഡ്‌മിഷൻ നേടിയെന്നാണ് ആരോപണം.

ഒരു മാസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസ് ഒന്നാം സെമസ്റ്റർ ക്ലാസിൽ പങ്കെടുത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനെ വഞ്ചിച്ചുവെന്നാണ് കേസ്. നാലാഴ്ചയോളം ക്ലാസിൽ പങ്കെടുത്ത ശേഷം, ഹാജർ പട്ടികയിൽ തന്റെ പേര് ഇല്ലെന്ന പരാതിയുമായി ഗോപിക ഫാക്കൽറ്റിയെ സമീപിച്ചു. കോളേജ് അഡ്‌മിനിസ്‌ട്രേറ്റീവ് വിഭാഗം ഉടൻ തന്നെ എൻട്രൻസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകുകയും എംബിബിഎസ് റാങ്ക് ലിസ്റ്റിൽ ഗോപികയുടെ പേരില്ലെന്ന് കണ്ടെത്തുകയും ചെയ്തു. മെഡിക്കൽ എൻട്രൻസ് ഫീസ് രസീത് ഉൾപ്പെടെ എല്ലാ പ്രവേശന രേഖകളും ഗോപിക കോളേജ് അധികൃതർക്ക് സമർപ്പിച്ചിരുന്നു. ഈ രേഖകളെല്ലാം വ്യാജമാണെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് വെളിച്ചത്തു വന്നത്.

ഗോപികയേയും വ്യാജരേഖ ചമയ്ക്കാൻ സഹായിച്ചതിന് ആറ്റുകാൽ കൊഞ്ചിറവിള സ്വദേശി ഗോപികയുടെ സുഹൃത്തായ 17കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ പേഴ്‌സണൽ കംപ്യൂട്ടറും വ്യാജരേഖകൾ ഉണ്ടാക്കാൻ ഉപയോഗിച്ച മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസിൽ തോറ്റ പെൺകുട്ടി എൻട്രൻസ് പരീക്ഷ എഴുതാൻ ആവശ്യമായ രേഖകൾ വ്യാജമായി ചമച്ചിരുന്നതായി അന്നത്തെ മെഡിക്കൽ കോളജ് സർക്കിൾ ഇൻസ്പെക്ടറും നിലവിൽ നർക്കോട്ടിക് കൺട്രോൾ അസി. കമ്മീഷണറുമായ ഷീൻ തറയിൽ 2014 ൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

പെൺകുട്ടിയുടെ മാതാപിതാക്കൾ ദിവസക്കൂലിക്കാരാണ്. തട്ടിപ്പിനെക്കുറിച്ച് അവർക്ക് യാതൊരറിവും ഇല്ല. 2013 ൽ താൻ പന്ത്രണ്ടാം ക്ലാസ് വിജയിച്ചതായി പെൺകുട്ടി മാതാപിതാക്കളെ ബോധ്യപ്പെടുത്തിയതായും പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. എൻട്രൻസ് കോച്ചിങ് സെന്ററിൽ ഫീസ് അടക്കുന്നതിനായി പെൺകുട്ടി ഒരു വർഷത്തോളം ഇവരിൽ നിന്ന് പണം വാങ്ങാറുണ്ടായിരുന്നു. തുടർന്ന് വ്യാജരേഖകൾ ഉപയോഗിച്ച് പ്രവേശന പരീക്ഷ എഴുതിയെങ്കിലും യോഗ്യത നേടാനായില്ല. ഇതിന് ശേഷമാണ് എം ബി ബി എസ് പ്രവേശനത്തിന് സുഹൃത്തുമായി ചേർന്ന് വ്യാജരേഖ ചമച്ചത്.