- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രത്തിൽ ഭക്തർക്ക് നേരെ അശ്ലീലപ്രദർശനം; തടഞ്ഞുവെച്ചപ്പോൾ സർജിക്കൽ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് മെഡിക്കൽ കോളേജ് ജീവനക്കാരന്റെ ആത്മഹത്യാശ്രമം; കേസെടുത്ത് പോലീസ്

തിരുവല്ലം: തിരുവല്ലം: തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് മുന്നിൽ അശ്ലീല പ്രദർശനം നടത്തുകയും തടയാൻ ശ്രമിച്ചവർക്ക് മുന്നിൽ സ്വയം കഴുത്തറുത്ത് ആത്മഹത്യ ശ്രമം. സംഭവത്തിൽ പരിക്കേറ്റ മെഡിക്കൽ കോളേജ് ജീവനക്കാരൻ ചികിത്സയിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുരുഷ നഴ്സിങ് വിഭാഗം അസിസ്റ്റന്റാണ് തിങ്കളാഴ്ച രാവിലെ ക്ഷേത്രപരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ ക്ഷേത്രത്തിന് സമീപത്തെ ഗണപതി വിഗ്രഹത്തിന് മുന്നിലായിരുന്നു സംഭവം. ക്ഷേത്രത്തിലെത്തിയ സ്ത്രീകളുൾപ്പെടെയുള്ള ഭക്തർക്ക് നേരെ ഇയാൾ അശ്ലീല പ്രദർശനം നടത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ക്ഷേത്രം ജീവനക്കാർ ഉടൻ സ്ഥലത്തെത്തി ഇയാളെ തടഞ്ഞുവെച്ചു. പോലീസിൽ ഏൽപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പ്രകോപിതനായ ഇയാൾ തന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന സർജിക്കൽ ബ്ലേഡ് പുറത്തെടുക്കുകയായിരുന്നു.
തുടർന്ന് എല്ലാവരും നോക്കിനിൽക്കെ സ്വന്തം കഴുത്തിലും വലതു കൈത്തണ്ടയിലും ബ്ലേഡ് ഉപയോഗിച്ച് ആഴത്തിൽ മുറിവേൽപ്പിച്ചു. ചോരവാർന്ന് ഇയാൾ അവശനിലയിലായതോടെ വിവരമറിഞ്ഞെത്തിയ തിരുവല്ലം പോലീസ് ഉടൻ തന്നെ ആംബുലൻസ് വരുത്തി ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇയാൾ നിലവിൽ നിരീക്ഷണത്തിലാണ്. സംഭവത്തിൽ തിരുവല്ലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


