തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ പ്രീമിയംതുക കൂട്ടി സർക്കാർ ഉത്തരവിറക്കി. 2026 ജനുവരിമുതൽ 2028 ഡിസംബർവരെ പദ്ധതി കാലാവധി നീട്ടി. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായി കരാർ ഒപ്പുവെക്കും. വർഷം 8237 രൂപയും 18 ശതമാനം ജിഎസ്ടിയുമാണ് പ്രീമിയമായി നൽകേണ്ടത്. മാസം 810 രൂപ നിരക്കിൽ ഡിസംബറിലെ ശമ്പളംമുതൽ വർധിപ്പിച്ച പ്രീമിയം പിടിക്കും.

ജീവനക്കാരുടെ ഈ മാസത്തെ ശമ്പളത്തിൽ നിന്നും പെൻഷൻകാരുടെ ജനുവരി മാസത്തെ പെൻഷനിൽ നിന്നും പുതുക്കിയ തുക ഈടാക്കി തുടങ്ങാനാണ് സാധ്യത. മെഡിസെപ്പ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് ഈ വർധനയെന്ന് ധനവകുപ്പ് വിശദീകരിക്കുന്നു. നിലവിലുള്ള പദ്ധതിയുടെ അപാകതകൾ പരിഹരിച്ച് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പദ്ധതി നടപ്പിലാക്കാനാണ് പ്രീമിയം വർദ്ധിപ്പിച്ചതെന്നാണ് സർക്കാരിന്റെ വാദം.

അടുത്തമാസം ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഈ മാസത്തെ ശമ്പളം മുതല്‍ പുതുക്കിയ പ്രീമിയം തുക ഈടാക്കി തുടങ്ങും. പ്രതിഷേധവുമായി സര്‍വീസ് സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. നിയമനടപടികള്‍ ആലോചിക്കുകയാണ് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍. പല സംഘടനകളും ഈ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. സംസ്ഥാനത്ത് എല്ലാ മേഖലകളിലും വിലക്കയറ്റം അനുഭവപ്പെടുന്നതിനിടെ ഇൻഷുറൻസ് പ്രീമിയം കൂടി വർദ്ധിപ്പിച്ചത് ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്.