തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ മുൻകൂട്ടികണ്ടു പ്രതിരോധം ഒരുക്കുന്നതിൽ പൊതുജനാഭിപ്രായ രൂപീകരണം വളരെ പ്രധാനമെന്ന് ദേശീയ വനിതാ കമീഷൻ മെമ്പർ സെക്രട്ടറി മീനാക്ഷി നെഗി. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും വനിത കമീഷനുകളുടെ റീജിയണൽ മീറ്റിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മെമ്പർ സെക്രട്ടറി.

സ്ത്രീകൾക്കെതിരെ ആക്രമണങ്ങളും വിവേചനങ്ങളും സംഭവിച്ചു കഴിഞ്ഞശേഷം നടപടി എടുക്കുന്നതിലുപരി ആക്രമണങ്ങൾ മുൻകൂട്ടികണ്ടു പ്രതിരോധിക്കാനാണ് കമീഷൻ ശ്രമിക്കുന്നത്. മോശം സംഭവങ്ങളുണ്ടാകുന്നതുവരെ കാത്തിരിക്കാൻ ആവില്ല. അത്തരത്തിൽ പ്രതിരോധം ഒരുക്കണമെങ്കിൽ ശക്തമായ പൊതുജനാഭിപ്രായം രൂപീകരിക്കേണ്ടതുണ്ട്. വലിയതോതിൽ ബോധവൽക്കരണം നടത്തേണ്ടതുണ്ട്. ചതിക്കുഴികളെക്കുറിച്ച് ബോധവൽക്കരണം നടത്തുക, അത് സമൂഹം ഉൾക്കൊള്ളുക എന്നത് സുപ്രധാനമാണ്.

കശ്മീരിലേക്ക് കടത്തിക്കൊണ്ടു വരുന്ന സ്ത്രീകളിൽ കൂടുതലും കിഴക്കൻ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ ഭാഷയുടെയോ സംസ്ഥാനത്തിന്റെയോ അതിർത്തികൾ ഭേദിക്കുന്നതാണ്. ശ്രീനഗറിൽ നിന്നും രക്ഷപ്പെടുത്തുന്ന പെൺകുട്ടികളിൽ കൂടുതൽ പേരും കിഴക്കൻ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.

മികച്ച ജോലി, വിവാഹം, നല്ല ജീവിതം എന്നീ വ്യാജ വാഗ്ദാനങ്ങൾ നൽകിയാണ് അവരെ കൊണ്ടു പോകുന്നത്. റീജിയണൽ മീറ്റിൽ നിന്നും ഉരുത്തിരിയുന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് ദേശീയ വനിതാ കമീഷൻ ആവിഷ്‌കരിക്കുന്ന പദ്ധതികളിൽ ഉൾപ്പെടുത്തുമെന്നും ദേശീയ വനിതാ കമീഷൻ മെമ്പർ സെക്രട്ടറി പറഞ്ഞു. ദേശീയ വനിതാ കമ്മിഷൻ സംഘടിപ്പിച്ച പരിപാടിക്ക് ആതിഥ്യം വഹിച്ചത് കേരള വനിതാ കമ്മീഷനാണ്.

മണിപ്പൂരിലെ സംഘർഷ സ്ഥിതിയിൽ എല്ലാ ദുരിതങ്ങളും പേറേണ്ടിവരുന്ന സ്ത്രീകളുടെ കഠിനാവസ്ഥ വേദനിപ്പിക്കുന്നതാണെന്ന് കേരള വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തമിഴ്‌നാട് വനിതാ കമ്മിഷൻ അധ്യക്ഷ എ.എസ്. കുമാരി, സംസ്ഥാന വനിത ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, കേരള സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ മഞ്ജു പ്രസന്നൻ പിള്ള, സംസ്ഥാന വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ജി. പ്രിയങ്ക, സംസ്ഥാന വനിതാ കമ്മിഷൻ മെമ്പർ സെക്രട്ടറി സോണിയ വാഷിങ്ടൺ എന്നിവർ സംസാരിച്ചു.

കേരളത്തിനു പുറമേ തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ നിന്നുള്ള വനിത ശിശു വികസന വകുപ്പ്, സാമൂഹിക നീതി വകുപ്പ്, എൻജിഒകൾ, ഈ രംഗത്തെ വിദഗ്ദ്ധർ തുടങ്ങിയവർ ഏകദിന റീജിയണൽ മീറ്റിൽ പങ്കെടുത്തു.