ന്യൂഡൽഹി: മീനങ്ങാടി പോക്സോ കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി പുറപ്പടിവിച്ച ഉത്തരവിലെ ചില പരാമർശങ്ങളോട് സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.ഹൈക്കോടതിയെയും സംസ്ഥാന സർക്കാരിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.ഇത്രയും ഗൗരവമായ കേസിൽ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സംസ്ഥാന സർക്കാർ എന്തുകൊണ്ട് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയില്ലായെന്നു സുപ്രീം കോടതി ചോദിച്ചു.

മീനങ്ങാടി പോക്സോ കേസിലെ പ്രതിയായ അഭിഭാഷകന് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.ഇതിനെതിരെ പോക്സോ കേസിലെ കുട്ടിയുടെ അമ്മ നൽകിയ ഹർജിയായിരുന്നു സുപ്രീം കോടതി പരിഗണിച്ചത്.ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി പർദിവാല എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.പ്രതി അരുൺ കുമാറിന്റെ മൂൻകൂർ ജാമ്യം റദ്ദാക്കിയ കോടതി, ഇയാളെ ഉടൻ കസ്റ്റഡിയിലെടുക്കണമെന്ന് പൊലീസിനോട് നിർദേശിച്ചു.

അതിക്രമം നടന്നതിനുശേഷം അതിജീവിതയായ കുട്ടിയുടെ പഠനത്തെ അത് സാരമായി ബാധിച്ചുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അമ്മാവന് കുട്ടിയോടുള്ള സ്നേഹ പ്രകടനം മാത്രമായിരുന്നു കാണിച്ചതെന്നും അതിന് പിന്നിൽ ലൈംഗികപരമായ ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.തുടർന്നായിരുന്നു പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. എന്നാൽ ഹൈക്കോടതിയുടെ ഇത്തരം നിരീക്ഷണങ്ങൾ തീർത്തും അനുചിതമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരം പരാമർശം ഹൈക്കോടതി ഒഴിവാക്കേണ്ടതായിരുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു.തുടർന്ന് വിവാദ പരാമർശമുള്ള ഖണ്ഡിക ഹൈക്കോടതി വിധിയിൽ നിന്ന് സുപ്രീം കോടതി നീക്കം ചെയ്യുകയും ചെയ്തു.

ഏതേസമയം അമ്മയുടെ സഹോദരനാണ് പീഡിപ്പിച്ചതെന്നും കുടുംബത്തിനിടയിലുള്ള വസ്തു തർക്കമാണ് പരാതിക്ക് ആധാരമെന്ന് പ്രതി കോടതിയിൽ വാദിച്ചു. ഇക്കാര്യം സുപ്രീം കോടതി അംഗീകരിച്ചില്ല. വസ്തുവകകളുടെ പേരിൽ സ്വന്തം മകളുടെ ഭാവിയെ ബാധിക്കുന്ന കേസ് ഏതെങ്കിലും അമ്മ നൽകുമോയെന്ന് കോടതി ചോദിച്ചു.അതിജീവിതയുടെ അമ്മയ്ക്കുവേണ്ടി അഭിഭാഷകരായ ഗൗരവ് അഗർവാൾ, ആലിം അൻവർ എന്നിവർ ഹാജരായി. പ്രതിക്കുവേണ്ടി രാകേന്ദ് ബസന്തും, സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാന്റിങ് കോൺസൽ ഹർഷദ് വി ഹമീദുമാണ് ഹാജരായത്.