തിരുവനന്തപുരം: കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗം വൈകീട്ടത്തേക്ക് മാറ്റി. പ്രതിപക്ഷ നേതാക്കളുടെ അസൗകര്യം മൂലമാണ് രാവിലെ ചർച്ച മാറ്റിവെച്ചത്. യോഗത്തിൽ വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും. ചർച്ച ഉച്ചയ്ക്ക് ശേഷം 3.30 ന് നടക്കും.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കാനായി വി.ഡി സതീശൻ ഇന്നലെ മണിപ്പൂരിലെത്തിയിരുന്നു. തിരികെ ഇന്ന് രാവിലെ കേരളത്തിലെത്തേണ്ടതായിരുന്നു. ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ് കാരണം വിമാന സർവീസുകൾ വൈകുകയാണ്. ഈ സാഹചര്യത്തിൽ രാവിലെ യോഗത്തിന് എത്താൻ സാധിക്കില്ലെന്ന് സതീശൻ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവരം അറിയിച്ചു. തുടർന്നാണ് യോഗം വൈകിട്ടത്തേക്ക് മാറ്റിയത്.

യോഗം ഇന്ന് രാവിലെ പത്ത് മണിക്ക് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഡൽഹിയിലെ പ്രതിഷേധത്തിൽ പ്രതിപക്ഷത്തിനെയും പങ്കെടുപ്പിക്കാനാണ് സർക്കാറിന്റെ ശ്രമം.