ന്യൂഡൽഹി: ജന്ദർ മന്ദിറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി 1983 ൽ ലോകചാമ്പ്യന്മാരായ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ. ലൈംഗിക പീഡന കേസിൽ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷൻ സിംഗിനെതിരെ പ്രതിഷേധിക്കുന്ന താരങ്ങൾക്കാണ് ക്രിക്കറ്റ് ടീം അംഗങ്ങൾ പിന്തുണ അറിയിച്ചത്.

ഗുസ്തി താരങ്ങളെ തെരുവിലൂടെ വലിച്ചിഴച്ചത് ഏറെ ദുഃഖകരമാണ്. മെഡൽ ഗംഗയിൽ ഒഴുക്കാനുള്ള നീക്കം പോലുള്ള കടുത്ത നടപടികളിലേക്ക് താരങ്ങൾ പോകരുത് എന്നും ഇതിഹാസ താരങ്ങൾ ആവശ്യപ്പെട്ടു. നാളുകളായി പ്രതിഷേധത്തിലുള്ള വനിതകൾ ഉൾപ്പടെയുള്ള ഗുസ്തി താരങ്ങളുടെ സമരം ക്രിക്കറ്റർമാർ കണ്ടെന്ന് നടിക്കുന്നില്ല എന്ന വിമർശനങ്ങൾക്കിടെയാണ് കപിൽ ദേവും സുനിൽ ഗവാസ്‌ക്കറും അടങ്ങുന്ന സംഘം പിന്തുണയുമായി രംഗത്തെത്തിയത്.

നിലവിലെ ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, സുനിൽ ഗാവസ്‌കർ, കപിൽ ദേവ്, മൊഹീന്ദർ അമർനാഥ്, കെ ശ്രീകാന്ത്, സയ്യിദ് കിർമാനി, യഷ്പാൽ ശർമ്മ, മദൻ ലാൽ, ബൽവീന്ദർ സിങ് സന്ധു, സന്ദീപ് പാട്ടീൽ, കിർത്തീ അസാദ് എന്നിവരാണ് 1983ലെ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ ഫൈനൽ കളിച്ച താരങ്ങൾ.

വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പൂനിയ തുടങ്ങിയ മുൻനിര താരങ്ങൾ ഉൾപ്പടെയാണ് ബ്രിജ് ഭൂഷനെതിരെ പ്രതിഷേധവുമായി ജന്ദർമന്ദിറിലുള്ളത്. മെയ് 28ന് ഡൽഹിയിലെ പുതിയ പാർലമെന്റ് മന്ദിരത്തിലേക്കുള്ള മാർച്ചിനിടെ ഇവരെ ഡൽഹി പൊലീസ് വലിച്ചിഴച്ചിരുന്നു. ഇതിന് ശേഷമാണ് മെഡലുകൾ ഗംഗയിലൊഴുക്കാൻ സാക്ഷി മാലിക് ഉൾപ്പടെയുള്ള ഗുസ്തി താരങ്ങൾ ഹരിദ്വാറിലേക്ക് നീങ്ങിയത്. കർഷക നേതാക്കളുടെ ചർച്ചയെ തുടർന്നാണ് താരങ്ങൾ മെഡലുകൾ ഗംഗയിൽ ഒഴുക്കാനുള്ള ശ്രമത്തിൽ നിന്ന് പിൻവാങ്ങിയത്.