പാലക്കാട്: മണ്ണാർക്കാട് തച്ചനാട്ടുകര ചെത്തല്ലൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് എട്ടടിയോളം നീളമുള്ള രണ്ട് കൂറ്റൻ മലമ്പാമ്പുകളെ പിടികൂടി. കരിമ്പനയുടെ ഇളനീര് പറിക്കാൻ എത്തിയ യുവാക്കളാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പാമ്പുകളെ കണ്ടെത്തി വനംവകുപ്പിനെ വിവരമറിയിച്ചത്.

ചെത്തല്ലൂർ തെക്കുമുറിയിലെ കുന്നത്ത് കുഴി പറമ്പിലാണ് മലമ്പാമ്പുകളെ കണ്ടെത്തിയത്. പറമ്പിൽ താഴെ വീണുകിടന്നിരുന്ന ഈർമ്പന പൊളിഞ്ഞതിനകത്തും സമീപത്തെ ചപ്പലയിലും അനക്കം കണ്ടതിനെത്തുടർന്ന് യുവാക്കൾ നടത്തിയ പരിശോധനയിലാണ് മലമ്പാമ്പുകളെ ശ്രദ്ധയിൽപ്പെട്ടത്.

ഉടൻതന്നെ മണ്ണാർക്കാട് ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയും, അവർ സ്ഥലത്തെത്തി പാമ്പുകളെ പിടികൂടുകയുമായിരുന്നു. പ്രദേശത്ത് ഇത്രയും വലിയ രണ്ട് മലമ്പാമ്പുകളെ ഒന്നിച്ചു കണ്ടത് ആദ്യമായതിനാൽ ഇവയെ കാണാൻ നിരവധി പേർ തടിച്ചുകൂടി. ചെത്തല്ലൂർ പ്രദേശത്ത് ആദ്യമായാണ് എട്ടടിയോളം നീളമുള്ള രണ്ടു മലമ്പാമ്പുകളെ ഒന്നിച്ചു പിടികൂടുന്നത് എന്നതും ശ്രദ്ധേയമാണ്. പിടികൂടിയ മലമ്പാമ്പുകളെ വനംവകുപ്പ് സുരക്ഷിതമായി വനത്തിലേക്ക് മാറ്റുമെന്നാണ് പ്രാഥമിക വിവരം.