തിരുവനന്തപുരം:'കുടുംബാസൂത്രണമാർഗങ്ങളിൽ പുരുഷന്മാർക്കും ഇപ്പോൾ അവരുടെ ഉത്തരവാദിത്വം നിറവേറ്റാം' എന്ന സന്ദേശത്തോട് മുഖം തിരിച്ച് സംസ്ഥാനത്തെ പുരുഷ കേസരികൾ. പുരുഷവന്ധ്യംകരണ ശസ്ത്രക്രിയ പക്ഷാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് വിവിധ ജില്ലകളിലായി നടത്തിയ പ്രചാരണത്തോടാണ് പുരുഷന്മാരുടെ നിസ്സഹകരണം.സംസ്ഥാനത്താകെ നവംബർ 21 മുതൽ നാലുവരെ നടന്ന വാസക്ടമി പക്ഷാചരണത്തിൽ വന്ധ്യംകരണം നടത്തിയത് ആകെ 155 പേരാണ്.

വാസക്ടമിയോടുള്ള പുരുഷന്മാരുടെ അകൽച്ചക്ക് കാരണം തെറ്റിദ്ധാരണയും അതിലുപരി ആശങ്കയുമാണ്.ശസ്ത്രക്രിയക്ക് വിധേയരാകുന്നവർക്ക് സാധാരണജീവിതം സാധ്യമാണോയെന്നാണ് ഭൂരിഭാഗത്തിന്റെയും ആശങ്ക.ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നും ജോലിചെയ്യാൻ കഴിയാതെവരുമെന്നും പലരും തെറ്റിദ്ധരിക്കുന്നതായും ഡോക്ടർമാർ വിലയിരുത്തുന്നു.ഇക്കാരണത്താലാണ് ഭൂരിഭാഗം പുരുഷന്മാരെയും ഇതിൽനിന്ന് പിന്തിരിയുന്നതെന്നാണ് ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം.

എന്നാൽ ഡോക്ടർമാരുടെ അഭിപ്രായത്തിൽ സ്ത്രീകളിലെ ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയയെക്കാൾ വളരെ സുരക്ഷിതമാണ് നോ സ്‌കാൽപൽ വാസക്ടമി (എൻ.എസ്.വി.).ഇത് വളരെ ലളിതവും സുരക്ഷിതവുമാണ്,ആശുപത്രിവാസവും ആവശ്യമില്ല.അഞ്ച്-പത്ത് മിനിറ്റിനുള്ളിൽ ഇത് പൂർത്തിയാക്കാനാകും.ശസ്ത്രക്രിയയോടനുബന്ധിച്ച് മുറിവോ തുന്നലോ ഒന്നുംതന്നെയുണ്ടാകില്ല എന്നതും പുരുഷനമ്ാർക്കുള്ള വാസക്ടമിയുടെ പ്രത്യേകതയാണ്. സ്ത്രീകൾക്കാണെങ്കിൽ ശസ്ത്രക്രിയ കുറച്ചുകൂടി ക്ലേശകരമാണ്.ശസ്ത്രക്രിയക്കുശേഷം രണ്ടാഴ്ചത്തെ വിശ്രമവും ആവശ്യമായി വരുന്നു.

വാസക്ടമി ആർക്കൊക്കെ സ്വീകരിക്കാം

1. ജീവിതപങ്കാളിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ താത്പര്യമുള്ള ഭർത്താവ്

2. ഇനിയും കുട്ടികൾ വേണ്ടായെന്ന് തീരുമാനിക്കുന്ന ദമ്പതികൾ

3. ഹൃദ്രോഗം, ശ്വാസകോശ തകരാറുകൾ, മറ്റു ഗുരുതരരോഗങ്ങൾ, വിളർച്ച, പ്രമേഹം, മാനസികരോഗങ്ങൾ എന്നിവയിലേതെങ്കിലുമുള്ള സ്ത്രീയുടെ ഭർത്താവ്

4. സിസേറിയൻ കഴിഞ്ഞുള്ള സ്ത്രീയുടെ ഭർത്താവ്

5. ജീവിതപങ്കാളിയെ ട്യൂബക്ടമിയുടെ അപകടസാധ്യതകളിൽനിന്ന് രക്ഷിക്കുന്നവർ

തിരുവനന്തപുരം ജില്ലയിലെ മൂന്നുകേന്ദ്രങ്ങളായ ആറ്റിങ്ങൽ, നെടുമങ്ങാട്, ജനറൽ ആശുപത്രി എന്നിവിടങ്ങളിലായി സംഘടിപ്പിച്ച കാമ്പയിനിൽ 12 പേർമാത്രമാണ് ശസ്ത്രക്രിയക്ക് വിധേയരായത്.മറ്റു ജില്ലകളിലെ സ്ഥിതിയും ഏതാണ്ട് സമാനമാണ്.