- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോൾഗാട്ടി പാലസിന്റെ ബോട്ട് ജെട്ടിക്ക് സമീപം കായൽ കൈയേറി; കയ്യേറ്റ ഭൂമിയിൽ വീട് നിർമ്മിച്ച കേസിൽ ഗായകൻ എം.ജി ശ്രീകുമാറിനെതിരെ കേസെടുക്കും; ഗായകനെതിരെ കേസെടുക്കുക അഴിമതി നിരോധന നിയമ പ്രകാരം; അനധികൃതമായി കെട്ടിടം നിർമ്മിക്കാൻ ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം
കൊച്ചി:മുളവുകാട് ബോൾഗാട്ടി പാലസിന്റെ ബോട്ട് ജെട്ടിക്ക് സമീപം കായൽ കയ്യേറി വീട് നിർമ്മിച്ചെന്ന കേസിൽ, ഗായകൻ എംജി ശ്രീകുമാറിനെതിരെ കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു.അഴിമതി നിരോധന നിയമ പ്രകാരമാണ് എംജി ശ്രീകുമാറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടത്. മുളവുകാട് ഗ്രാമപഞ്ചായത്തിലെ ബോൾഗാട്ടി പാലസിന് സമീപമുള്ള ബോട്ട് ജെട്ടിക്കടുത്താണ് എംജി ശ്രീകുമാർ വീട് വെച്ചത്.ഇത് കായൽ കയ്യേറിയാണെന്നാണ് ആരോപണം. തീരദേശ പരിപാലന നിയമം ലംഘിച്ച് എം ജി ശ്രീകുമാർ വീടുവച്ചോയെന്ന് അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്.
കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് എംജി ശ്രീകുമാറിന് എതിരെ പരാതി നൽകിയത്.ഈ പരാതിയിൽ ത്വരിതാന്വേഷണം നടത്താൻ കോടതി നിർദ്ദേശിച്ചിരുന്നു. വിജിലൻസ് സംഘം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ടും സമർപ്പിച്ചു. ഇത് പരിഗണിച്ചാണ് കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്.
കൊച്ചി കായലിനോട് ചേർന്നുള്ള 11 സെന്റിൽ വീടിനായി ബഹുനില കെട്ടിടം നിർമ്മിച്ച കേസിൽ ബിൽഡിങ് പെർമിറ്റ് നൽകിയതടക്കമുള്ള കാര്യങ്ങളിൽ നടന്നിരിക്കുന്നത് അഴിമതിയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.കൂടാതെ കെട്ടിടത്തിലേക്ക് വൈദ്യുതി കണക്ഷൻ,വാട്ടർ കണക്ഷനടക്കം നൽകിയത് യാതൊരു നിയമസാധുതയും പരിശോധിക്കാതെയാണെന്നും പരാതിക്കാരൻ ആരോപിക്കുന്നു.ഇത് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേയും കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
എറണാകുളം വിജിലൻസ് യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.2010ലാണ് മുളവുകാട് വില്ലേജിൽ എംജി ശ്രീകുമാർ 11.50 സെന്റ് ഭൂമി വാങ്ങിയത്.ഈ സ്ഥലത്ത് അനധികൃതമായി ബഹുനില കെട്ടിടത്തിന്റെ നിർമ്മാണം നടത്തിയെന്നാണ് ആരോപണം.തീരദേശ പരിപാലന നിയമം കൂടാതെ കേരള പഞ്ചായത്ത് രാജ് നിർമ്മാണ ചട്ടവും എംജി ശ്രീകുമാർ ലംഘിച്ചുവെന്നാണ് ആരോപണം.മുളവുകാട് പഞ്ചായത്ത് അധികൃതരേയും പ്രതിയാക്കിയാണ് കേസെടുക്കുക.കേസിൽ പത്താം പ്രതിയാണ് എം.ജി ശ്രീകുമാർ.




