കണ്ണൂർ: കണ്ണൂർ ജില്ലയിൽ അനധികൃത പാൽ വില്പന തകൃതിയായി തുടർന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ പാൽ പാക്കറ്റിൽ ആക്കി കടകളിൽ എത്തിക്കണമെങ്കിൽ പാസ്റ്ററൈസ് ചെയ്ത് മാത്രമേ കൊടുക്കാൻ പാടുള്ളൂ എന്നുള്ള നിയമമുണ്ട്. ഈ നിയമം കാറ്റിൽ പറത്തിയാണ് കണ്ണൂർ ജില്ലയിൽ പാൽ വില്പന നടക്കുന്നത്. സൊസൈറ്റിയിൽ ശേഖരിക്കുന്ന പാൽ കവറിനുള്ളിൽ ആക്കി കടകളിൽ വിൽക്കുകയാണ് പതിവ്.

കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടി, ശ്രീകണ്ഠാപുരം, പേരാവൂർ, കണിച്ചാർ, വെള്ളർവള്ളി, കോളയാട് മേഖലകളിലാണ് ഇത്തരത്തിലുള്ള പാൽ വില്പന സജീവമായി തുടരുന്നത്. ഇരട്ടിയിൽ തന്നെ ടൗൺ മേഖലയിൽ ഇത്തരത്തിലുള്ള പാൽ ലഭ്യമല്ല, ഉൾ നാട്ടിലുള്ള ചെറുകടകളിലാണ് പാക്കറ്റിൽ ആക്കിയ പാസ്റ്ററൈസ് ചെയ്യാത്ത പാൽ ലഭ്യമാകുന്നത്. ഇവർക്ക് എഫ് എസ് എസ് ഐ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ഇത്തരത്തിലുള്ള പാൽ വിൽപ്പന നടത്താൻ അതുമാത്രം പോരാ എന്നതാണ് നിയമം.

മലയോര പ്രദേശത്തുള്ള സൊസൈറ്റിയിൽ ശേഖരിക്കുന്ന പാലാണ് വിവിധ പേരുകൾ ഇട്ട ശേഷം കടകളിൽ ലഭ്യമാക്കുന്നത്. വിവിധ സൊസൈറ്റികളിൽ ശേഖരിക്കുന്ന പാലുകൾക്ക് വിവിധ പേരുകളാണ്. രണ്ടുദിവസത്തോളം ഈ പാൽ കേടുകൂടാതെ ഇരിക്കുമെന്നാണ് കവറിൽ കാണുന്നത്. പക്ഷേ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായപ്രകാരം ഇത്തരത്തിലുള്ള പാൽ വിൽപ്പന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ വരെ ഉണ്ടാക്കിയേക്കാം.

500 മില്ലി ലിറ്റർ, 450 മില്ലി ലിറ്റർ എന്നിങ്ങനെയുള്ള കവറുകളിൽ ആക്കിയാണ് പാൽ വില്പനയ്ക്ക് എത്തുന്നത്. 24, 25 രൂപയാണ് വിവിധ പാലുകൾക്ക് വില ഈടാക്കുന്നത്. തനിമ, ത്രിവേണി, സ്വദേശ്, കരുണ, കോളയാടൻ, ആര്യ, നന്മ എന്നിങ്ങനെ വിവിധ പേരുകളിലാണ് ഈ പാൽ വില്പന നടത്തുന്നത്. പൊതുവിൽ കണ്ണൂർ ജില്ലയിലെ മലയോര പ്രദേശത്തുള്ള ആളുകൾ ധാരാളമായും സൈറ്റിയിൽ നിന്നും പാക്കറ്റുകളിൽ ആക്കി കടകളിൽ എത്തുന്ന ഈ പാൽ വാങ്ങി ഉപയോഗിക്കാറുണ്ട്.

സൊസൈറ്റിയിൽ നിന്നുള്ള പാൽ പൊതുവിൽ കുട്ടികൾക്ക് കൊടുക്കുവാൻ ആയാണ് വീട്ടുകാർ വാങ്ങാറ്. എന്നാൽ ഇത് പാസ്റ്ററൈസ് ചെയ്യാതെയാണ് കടകളിൽ എത്തുന്നത് എന്നത് ചിലപ്പോൾ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം. പ്രത്യേകിച്ച് പശുവിന് പേ ഇളകി മരിക്കുന്ന ഇന്നത്തെ ഹ സാഹചര്യത്തിൽ. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, പേരാവൂർ പ്രദേശത്ത് പശുവിന് ഇളകിയ വാർത്തകൾ ഈ അടുത്ത് സ്ഥിരീകരിച്ചിരുന്നു. ഇത്തരത്തിലുള്ള സാഹചര്യം നിലവിലുള്ളപ്പോഴാണ് പാൽ പാക്കറ്റിൽ ആക്കി മാർക്കറ്റിൽ എത്തുന്നത്. ഇതിനെതിരെ തക്കതായ നടപടിയും നിയന്ത്രണവും കൊണ്ടുവന്നേ പറ്റൂ എന്നാണ് നാട്ടുകാരിൽ ചിലർ അഭിപ്രായപ്പെടുന്നത്.