- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യത്തിനു വിൽപന നികുതി 4 ശതമാനവും കൈകാര്യച്ചെലവ് ഒരു ശതമാനവും കൂട്ടും; വില വർധനവ് ഉണ്ടാകുന്നത് 10 രൂപ മുതൽ; 5.02 രൂപ ക്ഷീരകർഷകർക്ക് നൽകാൻ പാലിന് മിൽമ വർധിപ്പിക്കുന്നത് 6 രൂപയും; കേരളത്തിൽ ഇനി കുടിക്കാൻ ചെലവേറും
തിരുവനന്തപുരം : സംസ്ഥാനത്ത് ഇനി കുടിക്കാൻ ചെലവേറും.അത് മദ്യത്തിൽ മാത്രമല്ല പാലിന്റെ കാര്യത്തിലും. കേരളത്തിൽ വിൽപ്പന നടത്തുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ വിൽപന നികുതി 4 ശതമാനവും ബവ്‌റിജസ് കോർപറേഷനുള്ള കൈകാര്യച്ചെലവ് ഒരു ശതമാനവും ഉയർത്താനാണ് മന്ത്രിസഭ തീരുമാനിച്ചത്. വിൽപനവിലയിൽ 2% വർധനയാണ് ഉണ്ടാവുകയെന്ന് അധികൃതർ അറിയിച്ചു.ഇതോടെ 10 രൂപ മുതലുള്ള വർധനയാണു മദ്യത്തിന്റെ കാര്യത്തിൽ പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് വിദേശ മദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡിസ്റ്റിലറികളിൽ നിന്ന് ഈടാക്കുന്ന 5% വിറ്റുവരവു നികുതി ഒഴിവാക്കും. ഇതു മൂലമുള്ള നഷ്ടം നികത്താനാണ് ഇപ്പോഴത്തെ വർധന. വിൽപന നികുതി വർധനയ്ക്കുള്ള ബിൽ ഡിസംബർ 5ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ കൊണ്ടു വരും.
നിലവിൽ വിദേശ മദ്യത്തിനു കേരളത്തിൽ 247% ആണ് വിൽപന നികുതി. വർധന വരുന്നതോടെ ഇത് 251% ആയി ഉയരും. 1000 രൂപ വിലയുള്ള മദ്യത്തിന് 2510 രൂപ വിൽപന നികുതി ഈടാക്കും. രാജ്യത്ത് മദ്യത്തിന് ഏറ്റവും ഉയർന്ന നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
ഡിസംബർ 1 മുതൽ മിൽമ പാലിന്റെ വില വർധിക്കുന്നതിനൊപ്പം പാലുൽപ്പന്നങ്ങളായ തൈര്, നെയ്യ് എന്നിവയുടെ വിലയും കൂടും.ലീറ്ററിന് 6 രൂപ കൂടും. ഇതിൽ 5.02 രൂപ ക്ഷീരകർഷകർക്കു നൽകും. തൈര്, നെയ്യ് തുടങ്ങിയവയ്ക്കും വർധിക്കുമെങ്കിലും എത്ര രൂപ വരെ എന്നു തീരുമാനിച്ചിട്ടില്ലെന്നു മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു.
സംസ്ഥാനത്ത് പാൽവില വർധിപ്പിക്കുന്നത് 3 വർഷത്തിനു ശേഷമാണ്. 2019 ൽ ലീറ്ററിനു 4 രൂപയാണു കൂട്ടിയത്. കാലിത്തീറ്റയുടെ വില ഉടൻ കൂട്ടില്ലെന്നു ചെയർമാൻ പറഞ്ഞു. നവംബർ ഒന്നിന് കാലിത്തീറ്റയ്ക്കു 12% വില കൂട്ടിയിരുന്നു.




