തിരുവനന്തപുരം: പാൽ വില ലിറ്ററിന് 8.57 രൂപ കൂട്ടാൻ മിൽമയുടെ ശുപാർശ. ഈ മാസം 21നകം വില വർധന പ്രാബല്യത്തിൽ വരുത്തണമെന്നും മിൽമയുടെ ശുപാർശയിൽ പറയുന്നു. ശുപാർശ നാളെ സർക്കാരിന് സമർപ്പിക്കും

പാൽവില വർധന സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മിൽമയുടെ ശുപാർശ. വിലവർധന ചർച്ചചെയ്യാൻ പാലക്കാട് കല്ലേപ്പുള്ളിയിൽ ഇന്ന് ചേർന്ന അടിയന്തര യോഗത്തിലാണ് മിൽമയുടെ തീരുമാനം.മൂന്നുയൂണിയനുകളിൽ നിന്നും പ്രതിനിധികൾ യോഗത്തിനെത്തി.

പാൽവില ലിറ്ററിന് ഏഴുമുതൽ എട്ടുരൂപവരെ വർധിപ്പിക്കണമെന്ന കർഷകരുടെ ആവശ്യമെന്ന രീതിയിലാണ് സമിതി മിൽമയ്ക്ക് റിപ്പോർട്ട് നൽകിയത്. ഇങ്ങനെ കൂട്ടിയാൽ മാത്രമേ കമ്മിഷനും മറ്റും കഴിഞ്ഞ് ആറുരൂപയെങ്കിലും കർഷകന് ലഭിക്കൂവെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞതവണ പാൽവില നാലുരൂപ കൂട്ടിയപ്പോഴും പ്രയോജനമുണ്ടായില്ലെന്ന് കർഷകർ സമിതിക്ക് മുന്നിൽ പരാതിപ്പെട്ടിരുന്നു.