കോഴിക്കോട്: മലബാറിലെ ക്ഷീര കർഷകർക്ക് ഓണ സമ്മാനമായി മലബാർ മിൽമ 4.2 കോടി രൂപ നൽകും. മലബാർ മിൽമ ഭരണ സമിതിയുടെതാണ് തീരുമാനം.

ജൂലൈയിൽ നൽകിയ നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടുരൂപവീതം അധികവിലയായി നൽകിയാണ് മിൽമയുടെ ഓണസമ്മാനം. ജൂലൈയിൽ സംഘങ്ങൾവഴി അളന്ന 210 ലക്ഷം ലിറ്റർ പാലിനായി 420 ലക്ഷം രൂപ മിൽമ മലബാറിലെ ആറ് ജില്ലയിലെ സംഘങ്ങൾക്ക് കൈമാറും.

സംഘങ്ങൾ അതത് കർഷകർക്കുള്ള തുക കണക്കാക്കി ഓണത്തിന് മുമ്പ് കൈമാറും.അധികമായി നൽകുന്ന വിലകൂടി കണക്കാക്കുമ്പോൾ മിൽമ ആഗസ്തിൽ നൽകുന്ന ശരാശരി പാൽവില ലിറ്ററിന് 47 രൂപ 44 പൈസയാവും. കഴിഞ്ഞ നാലുമാസത്തിൽ നടത്തിയ 6.26 കോടിയുടെ അധിക കർഷക ക്ഷേമ പ്രവർത്തനങ്ങൾക്ക് പുറമെയാണിത്.

വിപണിയിൽ കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലും പാലിന്റെ വിൽപ്പന വില വർധിപ്പിക്കാതെ ഇത്തരം സഹായങ്ങൾ ക്ഷീര കർഷകർക്ക് നൽകാനാകുന്നത് ക്ഷീര കർഷക പ്രസ്ഥാനത്തിന്റെ നേട്ടമാണെന്ന് മിൽമ ചെയർമാൻ കെ എസ് മണിയും മാനേജിങ് ഡയറക്ടർ ഡോ. പി മുരളിയും പറഞ്ഞു.