തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ നടക്കുന്ന സമരം രാജ്യവിരുദ്ധമാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ. അന്താരാഷ്ട്രാ തലത്തിൽ വിഴിഞ്ഞം തുറമുഖത്തിന് അനന്ത സാധ്യതകളാണ് ഉള്ളതെന്നും അതിനാൽ തന്നെ രാജ്യ താത്പര്യത്തെ എതിർക്കുന്ന സമരം പാടില്ലെന്നും മന്ത്രി പറഞ്ഞു.തുറമുഖ നിർമ്മാണം നിർത്തിവെക്കുകയെന്നത് രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നമാണ്. ഒരു സർക്കാരിനും അത്തരമൊരു കാര്യം ആവശ്യപ്പെടാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തീരശോഷണവുമായി ബന്ധപ്പെട്ട പഠനത്തെ സർക്കാർ എതിർക്കുന്നില്ല.എന്നാൽ തുറമുഖ നിർമ്മാണം നിർത്തിവെച്ചുകൊണ്ടുള്ള പഠനം എന്ന ആവശ്യത്തോടാണ് സർക്കാരിന്റെ വിയോജിപ്പ്.2015ൽ കാരാറിൽ ഏർപ്പെടുന്നതിന് മുമ്പ് തന്നെ എല്ലാ പഠനങ്ങളും നടത്തിയിരുന്നു.ഇപ്പോഴത്തെ സമരസമിതിയിൽ ഉള്ളവരുടെ തന്നെ അറിവോടെയാണ് അന്ന് കരാറിൽ ഏർപെട്ടതെന്നും മന്ത്രി പറഞ്ഞു.

ഇതിനോടകം തന്നെ തുറമുഖ നിർമ്മാണത്തിനായി കോടിക്കണക്കിന് രൂപ മുടക്കിക്കഴിഞ്ഞു.ഇതിന് ആര് സമാധാനം പറയുമെന്നും മന്ത്രി ചോദിച്ചു.സമരക്കാർ സമരത്തിൽ നിന്ന് പിന്മാറണമെന്നാണ് അഭ്യർത്ഥിക്കാനുള്ളതെന്നും കോടതിയിൽ നിന്ന് അന്തിമ വിധി വന്നാൽ അതിനനുസരിച്ച് നടപടിയെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.