കോഴിക്കോട്: വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടാൻ കഴിയില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. സമന്വയത്തിലൂടെ വിഴിഞ്ഞം സമരംപരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ചർച്ചയ്ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്. കോടതി ഉത്തരവ് പാലിക്കാൻ സർക്കാരിനും സമരക്കാർക്കും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കേണ്ടത് കേരളത്തിന്റെ പൊതു ആവശ്യമാണ്. സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടങ്ങൾ കണക്കിലെടുത്ത് സമരം പിൻവലിച്ച് നാടിന്റെ വികസനവീഥിയിൽ അണിചേരുവാൻ ബന്ധപ്പെട്ടവർ അടിയന്തിരമായി തയ്യാറാകണം.

ഇന്ത്യയിലെ ചരക്ക് നീക്കത്തിന്റെ 30 ശതമാനത്തോളം വിഴിഞ്ഞം അന്താരാഷ്ട്ര കപ്പൽ ചാലിലൂടെയാണെങ്കിലും ചരക്ക് നീക്കത്തിന്റെ മുക്കാൽ പങ്കും നിലവിൽ കൊളമ്പോയിൽ നിന്നുമാണ് കൈകാര്യം ചെയ്യുന്നത്. ഇതുവഴി പ്രതിവർഷം 2,000 കോടിയുടെ നഷ്ടം രാജ്യത്തിനുണ്ടെന്നാണ് അനുമാനിക്കുന്നത്.

വിഴിഞ്ഞം യാഥാർഥ്യമാകുന്നതോടെ ഇതിൽ 1500 കോടിയുടെ ചരക്കുനീക്കം വിഴിഞ്ഞത്തുണ്ടാകും. തുറമുഖ നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിലെ 400 മീറ്ററിന്റെ രണ്ട് ബെർത്തുകൾ പ്രവർത്തനക്ഷമമായാൽ തന്നെ ആദ്യവർഷം ചുരുങ്ങിയത് 200 കോടിയുടെ ക്രയവിക്രയവുമുണ്ടാകും. ഇത് യഥാക്രമം 7822 കോടിയിലെത്തുമെന്നാണ് കണക്ക്. 7700 കോടി രൂപ ചെലവിൽ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ ഒരു ദശലക്ഷം ടി ഇ യു കണ്ടയ്നർ കൈകാര്യം ചെയ്യാൻ തുറമുഖം പ്രാപ്തമാകും.

അനുബന്ധ വികസനങ്ങളും പതിനായിരക്കണക്കിന് തൊഴിൽ സാധ്യതകളും വേറെയുമുണ്ടാകും. ഇത് കേരളത്തിന്റെ വിശിഷ്യാ തിരുവനന്തപുരത്തിന്റെ മുഖഛായ തന്നെ മാറ്റും. കൂടാതെ വിഴിഞ്ഞത്തെത്തുന്ന ചരക്കുകൾ ഫീഡർ വെസലുകൾ വഴി സംസ്ഥാനത്തെ മറ്റ് ചെറുകിട തുറമുഖങ്ങളിലും എത്തിക്കുവാൻ കഴിയുമെന്നും മന്ത്രി വിശദീകരിച്ചു.

സമരക്കാരുടെ ഏഴ് ആവശ്യങ്ങളിൽ അഞ്ചെണ്ണവും സർക്കാർ അംഗീകരിച്ചതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സമരം അനാവശ്യമാണോ എന്ന് പൊതുജനം വിലയിരുത്തട്ടെ. ഇത്രയും നല്ലൊരു പദ്ധതി, ഭീമമായ തുക നമ്മൾ ഇൻവെസ്റ്റ് ചെയ്തതിനു ശേഷം അടച്ചുപൂട്ടണം എന്ന് ആരു പറഞ്ഞാലും അത് അംഗീകരിക്കാൻ പ്രയാസമാണെന്നും മന്ത്രി പറഞ്ഞു.

മണ്ണെണ്ണയുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. അവസാനം വരെയും ബലപ്രയോഗം ഒഴിവാക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.