- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങൾ ചാണകം തിന്നുമ്പോൾ ഞങ്ങൾ കേരളത്തിൽ ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കും'; കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ പരോക്ഷ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: 'ദ കേരള സ്റ്റോറി 2' എന്ന ചിത്രത്തിനെതിരെ പരോക്ഷ വിമർശനവുമായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ സിനിമക്കെതിരെ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. നിങ്ങൾ ചാണകം തിന്നുമ്പോൾ ഞങ്ങൾ കേരളത്തിൽ ഇഷ്ടമുള്ളവർക്ക് ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കാമെന്ന് മന്ത്രി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും സംസ്ഥാനത്തിന്‍റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രസ്താവനയിലൂടെ ആരോപിച്ചിരുന്നു. ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയതോടെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്.
സിനിമയുടെ ഒന്നാം ഭാഗം കേരളവിരുദ്ധ പ്രചാരണങ്ങളും വിദ്വേഷവും നിറഞ്ഞ വർഗീയ അജണ്ടയോടെയായിരുന്നു നിർമ്മിച്ചതെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ ചിത്രത്തെ സമൂഹം തള്ളിക്കളഞ്ഞതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. 'ബീഫ്' എന്ന പേരിട്ടതുകൊണ്ട് ചലച്ചിത്ര മേളയിൽ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത്, സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തോടെ നിർമ്മിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെ പ്രദർശനാനുമതി ലഭിക്കുന്നു എന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.
കാമാഖ്യ നാരായണ സിങ് സംവിധാനം ചെയ്യുന്ന ചിത്രം വിപുൽ അമൃത് ലാൽ ഷായും സൺഷൈൻ പിക്‌ചേഴ്‌സും ചേർന്നാണ് നിർമ്മിക്കുന്നത്. പുതുമുഖങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഫെബ്രുവരി 27-നാണ് റിലീസ് ചെയ്യുന്നത്. കേരളത്തെ വീണ്ടും മോശമായി ചിത്രീകരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് സിനിമയുടെ പ്രമേയമെന്ന തരത്തിലുള്ള പ്രതിഷേധം സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ സജീവമായിട്ടുണ്ട്. ആദ്യ ചിത്രം സുദീപ്തോ സെൻ ആയിരുന്നു സംവിധാനം ചെയ്തത്.
ഇത്തവണ കേരളത്തിന് പുറമെ രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പെൺകുട്ടികളുടെ കഥയും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. 2023 മേയ് 5നാണ് കേരള സ്റ്റോറിയുടെ ആദ്യ ഭാഗം തിയറ്ററുകളിലെത്തിയത്. സുദിപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമ നിർമിച്ചത് വിപുൽ അമൃത്‌ലാൽ ഷായാണ്.കേരളത്തിൽനിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയെന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. വിവാദങ്ങൾക്ക് പിന്നാലെ യൂട്യൂബ് വിവരണത്തിൽ മാറ്റം വരുത്തി മൂന്നു പെൺകുട്ടികളുടെ കഥ എന്നാക്കി മാറ്റിയിരുന്നു.


