- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാപം ഉണ്ടാക്കാൻ കോൺഗ്രസിന്റെ ആസൂത്രിത നീക്കമെന്ന് വി. ശിവൻകുട്ടിയും അഡ്വ.ആന്റണി രാജുവും; ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പൊതുമുതൽ നശിപ്പിച്ചെന്നും ആരോപണം
തിരുവനന്തപുരം: കേരളത്തിലെമ്പാടും കലാപം ഉണ്ടാക്കാൻ കോൺഗ്രസിന്റെ ആസൂത്രിത നീക്കമെന്ന് മന്ത്രിമാരായ വി. ശിവൻകുട്ടിയും അഡ്വ. ആന്റണി രാജുവും. ഇരുവരും സംയുക്ത വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആണ് മുഖ്യ സൂത്രധാരൻ. യൂത്ത് കോൺഗ്രസ് സമരത്തിന്റെ മറവിൽ ക്രിമിനലുകളെ തെരുവുകളിൽ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണ് കോൺഗ്രസ്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പൊതുമുതൽ നശിപ്പിച്ചതിലൂടെ പൊതുഖജനാവിന് ഉണ്ടായിരിക്കുന്നത്.
നവകേരള സദസിന്റെ വൻവിജയം കോൺഗ്രസ് നേതാക്കളുടെ സമനില തെറ്റിച്ചിരിക്കുകയാണ്. അതാണ് നവകേരള സദസിന്റെ സമാപന ദിവസത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് അക്രമം അഴിച്ചു വിടാൻ കാരണം. അക്രമ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷ നേതാവ് തന്നെ നേതൃത്വം നൽകുന്നത് കേരള ചരിത്രത്തിൽ ആദ്യ സംഭവമാണ്. പൊതുമുതൽ നശിപ്പിച്ചതിന് പ്രതിപക്ഷ നേതാവും ഉത്തരവാദിയാണ്.
തിരുവനന്തപുരം നഗരത്തിലെ നവകേരള സദസിന്റെ പ്രചാരണ ബോർഡുകളും മറ്റും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഇതിലൂടെയും വ്യാപക നഷ്ടം ഉണ്ടായിട്ടുണ്ട്. അക്രമ പ്രവർത്തനങ്ങൾ തുടരുകയാണെങ്കിൽ തിരിച്ചടിയുടെ ഭവിഷ്യത്തുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് തയാറാവേണ്ടി വരുമെന്നും മന്ത്രിമാർ വ്യക്തമാക്കി.