തിരുവനന്തപുരം: സ്‌കൂള്‍ ടൂറിന് വിടാത്തതിലുള്ള മനോവിഷമത്തില്‍ വീടുവിട്ടിറങ്ങിയ 14-കാരിയെ മൂന്ന് ദിവസത്തെ തീവ്ര തിരച്ചിലിനൊടുവില്‍ ഹൈദരാബാദില്‍ കണ്ടെത്തി. കരമന കരിമുകള്‍ സ്വദേശിനിയെയാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ശാസ്ത്രീയ അന്വേഷണത്തിലൂടെ കണ്ടെത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കുട്ടി ആര്‍ക്കും പിടികൊടുക്കാതെ വീട്ടില്‍ നിന്നിറങ്ങിയത്. സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രയ്ക്ക് വീട്ടുകാര്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടി കടുത്ത പിണക്കത്തിലായിരുന്നു. വീട്ടില്‍ നിന്നിറങ്ങിയ കുട്ടി ഓട്ടോറിക്ഷയില്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി പോലീസിന് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. മുഖം മറച്ച് മാസ്‌ക് ധരിച്ച നിലയിലായിരുന്നു ലക്ഷ്മി റെയില്‍വേ സ്റ്റേഷനിലെത്തിയത്.

പെണ്‍കുട്ടിയുടെ കൈവശം മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്നത് അന്വേഷണത്തിന് വലിയ തടസ്സമായിരുന്നു. എങ്കിലും കരമന പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തി. കുട്ടി ട്രെയിന്‍ മാര്‍ഗ്ഗം കേരളം വിട്ടെന്ന നിഗമനത്തില്‍ തമിഴ്നാട്, തെലങ്കാന പോലീസിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചു. ഒടുവില്‍ ഹൈദരാബാദില്‍കുട്ടി സൂചന ലഭിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടിയെ സുരക്ഷിതമായി കണ്ടെത്തുകയുമായിരുന്നു.

ഹൈദരാബാദിലെത്തിയ കേരള പോലീസിന്റെ പ്രത്യേക സംഘം പെണ്‍കുട്ടിയെ ഏറ്റെടുത്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കുട്ടിയെ ഉടന്‍ തന്നെ തിരുവനന്തപുരത്ത് എത്തിച്ച് രക്ഷിതാക്കള്‍ക്ക് കൈമാറും.