പന്തളം: കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തുമ്പമൺ പാണ്ടിയാൻ തുണ്ടിൽ കിഴക്കേതിൽ അലക്സാണ്ടറുടെ മകൻ ജോജൻ അലക്സിന്റെ (35) മൃതദേഹമാണ് തുമ്പമൺ-കീരുകുഴി റോഡിൽ പമ്പു പാലത്തിനു സമീപത്തെ തോട്ടിലെ വെള്ളത്തിൽ കാണപ്പെട്ടത്.

മൃതദേഹത്തിനു രണ്ടു ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. രണ്ടു ദിവസമായി ജോജനെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

മൃതദേഹം ഇൻക്വസ്റ്റിനു ശേഷം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മാർട്ടം നടത്തും. ജോജൻ അവിവാഹിതനാണ്. മാതാവ്: മേരി.പന്തളം പൊലീസ് കേസെടുത്തു.