തൃശൂർ: വയനാട് കമ്പളക്കാടുനിന്നും കാണാതായ അമ്മയേയും അഞ്ച് മക്കളേയും ഗുരുവായൂരിൽ കണ്ടെത്തി. കമ്പളക്കാട് കൂടോത്തുമ്മലിൽ താമസിക്കുന്ന വിമിജ(40), മക്കളായ വൈഷ്ണവ(12), വൈശാഖ്(11), സ്‌നേഹ(9), അഭിജിത്ത്(5), ശ്രീലക്ഷ്മി(4) എന്നിവരെയാണ് കണ്ടെത്തിയത്. ഇവരെ പൊലീസ് കണ്ട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

കമ്പളക്കാട് നിന്ന് തിങ്കളാഴ്ച വൈകീട്ടാണ് വിമിജയെയും മക്കളെയും കാണാതായത്. ചേളാരിയിലെ സ്വന്തം വീട്ടിലേക്ക് എന്നു പറഞ്ഞാണ് വിമിജയും മക്കളും പുറപ്പെട്ടത്. എന്നാൽ അവർ അവിടെ എത്തിയില്ല. ഇവരെ കുടുംബം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും നടന്നില്ല. പിന്നാലെയാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. യുവതിയും കുട്ടികളും സുരക്ഷിതരെന്നു നേരത്തെ പൊലീസിനു സൂചന ലഭിച്ചിരുന്നു. ഇവർ ഷൊർണൂരിൽ ഉണ്ടെന്ന് സ്ഥിരീകരിച്ച പൊലീസ് അവിടേക്ക് തിരിച്ചു. ഷൊർണൂരിലുള്ള ബന്ധുവിന്റെ കടയിലെത്തി ഇവർ പണം വാങ്ങിയിരുന്നു. രാമാനാട്ടുകരയിലെ ബന്ധുവീട്ടിലും ഇവർ എത്തിയിരുന്നു.

ഇവിടെ നിന്ന് വയനാട്ടിലേക്കു മടങ്ങുന്നുവെന്നാണു പറഞ്ഞതെങ്കിലും പോയത് കണ്ണൂരിലേക്കാണെന്നാണു വിവരം. കണ്ണൂർ ബസ് സ്റ്റാൻഡിൽ അമ്മയെയും മക്കളെയും കണ്ടതായും നേരത്തെ പൊലീസിനു വിവരം കിട്ടിയിരുന്നു. കണ്ണൂരിൽ നിന്നാണ് ഇവർ ഷൊർണൂരിലെത്തിയതെന്നാണ് വിവരം.