പാലക്കാട്: കോങ്ങാട് കെ.പി.ആർ.പി സ്കൂളിലെ രണ്ട് വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. 13 വയസ്സുള്ള പെൺകുട്ടികളാണ് വീട്ടിൽനിന്നും ട്യൂഷന് പോയ ശേഷം സ്കൂളിലേക്ക് പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയ ശേഷം തിരികെ എത്താതിരുന്നത്.

വിശദമായ അന്വേഷണത്തിൽ, വീട്ടുകാർ പരീക്ഷാ മാർക്കിന്റെ പേരിൽ വഴക്ക് പറഞ്ഞതാണ് കുട്ടികൾ നാടുവിട്ടതിനുള്ള കാരണമെന്ന സൂചന ലഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ 7 മണിയോടെയാണ് കുട്ടികൾ ട്യൂഷന് പോകാനായി വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് സ്കൂളിൽ എത്താത്തതിനെ തുടർന്ന് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

പോലീസ് സമീപപ്രദേശങ്ങളിൽ തിരച്ചിൽ ആരംഭിച്ചു. കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർക്ക് 9497947216 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ പരിശോധനകൾ പുരോഗമിക്കുകയാണ്.