തൊടുപുഴ: ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നിർമ്മാണ നിയന്ത്രണം ഏർപ്പെടുത്തിയ വിഷയത്തിൽ ഹൈക്കോടതിക്കെതിരേ വിമർശനവുമായി സിപിഎം നേതാവ് എം. എം. മണി. ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ ആളുകളെ പുനരധിവസിപ്പിക്കാൻ കോടതി ഉത്തരവിടണം.

പഞ്ചായത്തുകളിലെ ജനങ്ങൾക്ക് അർഹമായ നഷ്ടപരിഹാരവും നൽകണം. പരാതി കേൾക്കാൻ കോടതി തയാറാകണമെന്നും എം.എം. മണി എംഎൽഎ ആവശ്യപ്പെട്ടു. ആരെന്തൊക്കെ വിരട്ടിയാലും ജനങ്ങൾക്ക് വേണ്ടി പൊരുതുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ഹൈക്കോടതി നിർദേശത്തെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കളക്ടർ ഷീബ ജോർജ് ഉത്തരവിട്ടിരുന്നു. മൂന്നാർ, വെള്ളത്തൂവൽ, പള്ളിവാസൽ, ദേവികുളം, ചിന്നക്കനാൽ, ബൈസൺവാലി, ശാന്തമ്പാറ, ഉടുമ്പഞ്ചോല, മാങ്കുളം, മറയൂർ, ഇടമലക്കുടി, കാന്തല്ലൂർ, വട്ടവട എന്നീ 13 ഗ്രാമപഞ്ചായത്തുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് നിയന്ത്രണം.

നിർമ്മാണ നിയന്ത്രണവുമായി ബന്ധപ്പെട്ട് ജലഗതാഗത വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സർവകക്ഷി യോഗം രാവിലെ ഇടുക്കി കളക്റ്റ്രേറ്റ് കോൺഫ്രൻസ് ഹാളിൽ ചേരുന്നുണ്ട്.

ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനും വിഷയം വിശദമായി ചർച്ച ചെയ്യുന്നതിനും വേണ്ടിയാണ് യോഗം വിളിച്ചിരിക്കുന്നതെന്ന് റോഷി അഗസ്റ്റിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.