മൂന്നാർ: മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ സസ്‌പെൻഷൻ കാലാവധി തീരാനിക്കെ എംഎം മണിയുമായി വീണ്ടും വാക്ക് പോര്.ദേവികുളം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എ.രാജയെ നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽപിക്കാൻ ശ്രമിച്ചെന്നാരോപിച്ച്, സിപിഎം നേതാവും മുൻ എംഎൽഎയുമായ എസ്.രാജേന്ദ്രനെ കഴിഞ്ഞ ജനുവരിയിൽ ഒരു വർഷത്തേക്കു പാർട്ടിയിൽ നിന്നു സസ്‌പെൻഡ് ചെയ്തിരുന്നു. രാജേന്ദ്രന്റെ സസ്‌പെൻഷൻ കാലാവധി ജനുവരിയിൽ അവസാനിക്കാനിരിക്കെയാണു മണിയുടെ പുതിയ പരാമർശം.

പാർട്ടിയോടു നന്ദികേടു കാണിച്ച മുൻ എംഎൽഎ എസ്.രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് തൊഴിലാളികളോട് ആഹ്വാനം ചെയ്തിരിക്കുകയാണ് എം.എം.മണി എംഎൽഎ. ദേവികുളം എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) വാർഷിക സമ്മേളനത്തിലാണ് വിവാദ പ്രസ്താവന. മണിയുടെ പ്രസ്താവനയ്ക്കു പ്രതികരണവുമായി എസ്.രാജേന്ദ്രൻ രംഗത്തുവന്നു. എന്നാൽ മണിക്ക് സമനില തെറ്റിയിരിക്കുകയാണെന്നും അത്തരക്കാരോട് പ്രതികരിക്കാൻ ഇല്ലെന്നും രാജേന്ദ്രൻ പ്രതികരിച്ചു.

'15 വർഷം എംഎൽഎ സ്ഥാനമടക്കം എല്ലാ സൗകര്യങ്ങളും (എസ്.രാജേന്ദ്രൻ) അനുഭവിച്ചു. ഇതിനു ശേഷം വീണ്ടും എംഎൽഎ സ്ഥാനം ലഭിക്കാതെ വന്നതോടെ, പാർട്ടി സ്ഥാനാർത്ഥി എ.രാജയെ തോൽപിക്കാൻ കളികൾ നടത്തി. ഒരു നന്ദിയുമില്ലാത്ത ജന്മമാണ്. പാർട്ടിവിരുദ്ധ നടപടികളുടെ ഭാഗമായി സസ്‌പെൻഡ് ചെയ്തു. എന്നിട്ടും ഒളിഞ്ഞിരുന്ന് പാർട്ടിക്കെതിരെ പണിയുകയാണ്. രാജേന്ദ്രനെ വെറുതേ വിടരുത്, തൊഴിലാളികൾ ഇയാളെ കൈകാര്യം ചെയ്യണം.'എന്നായിരുന്നു എംഎം മണി പറഞ്ഞത്.

'സമനില തെറ്റിയ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിനോടു പ്രതികരിക്കാനില്ല. എന്നെ നേരിടണമെന്നും കൈകാര്യം ചെയ്യണമെന്നും തൊഴിലാളികളോടു പറഞ്ഞാൽ അവർക്ക് എന്നെ അറിയാം. തോട്ടം മേഖലയിൽ ജനിച്ചുവളർന്ന എന്നെ കൈകാര്യം ചെയ്യാൻ ആരെങ്കിലും ശ്രമിച്ചാൽ അതു നേരിടും. ജനിച്ചു വളർന്ന നാടാണിത്. ആരുടെയും ഭീഷണിക്കു വഴങ്ങി നാടു വിടില്ല. ഭീഷണി സംബന്ധിച്ച് തൽക്കാലം പൊലീസിൽ പരാതി നൽകുന്നില്ലെന്നും രാജേന്ദ്രൻ പ്രതികരിച്ചു