അരൂർ: കാളിയാർ മഠം വളപ്പിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. മർദനത്തിൽ പരിക്കേറ്റ അരൂർ പല്ലാക്കൽ സുൽഫിക്കറിനെ (40) എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരൂർ പോലീസാണ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. കാളിയാർ മഠത്തിന് സമീപം മധു പി. നായരുടെ ഉടമസ്ഥതയിലുള്ള കോനാട്ടുപുരയിടത്തിൽ കയറിയതിനെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

പുരയിടത്തിൽ പ്രവേശിച്ച സുൽഫിക്കറുമായി ചിലർ വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് ഇയാളെ ബലമായി വലിച്ചിഴച്ചുകൊണ്ടുപോയി മർദിക്കുകയുമായിരുന്നു. യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ മറ്റൊരാൾ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ക്രൂരത പുറംലോകമറിഞ്ഞത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അരൂർ പോലീസ് സുൽഫിക്കറിന്റെ മൊഴി രേഖപ്പെടുത്തി. ഉടമയുടെ അറിവോടെയാണ് ആൾത്താമസമില്ലാത്ത പുരയിടത്തിൽ കയറിയതെന്നാണ് സുൽഫിക്കർ പോലീസിനോട് പറഞ്ഞത്. അവിടെനിന്നും മടങ്ങി വരുമ്പോഴായിരുന്നു അക്രമം. മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.