ആലുവ:ദേശീയപാതയിൽ മാർത്താണ്ഡവർമ പാലത്തിൽ ഇന്നലെ നടന്നതൊരു അസാധാരണമായ രക്ഷാപ്രവർത്തനമായിരുന്നു.പാലത്തിലൂടെയുള്ള ഗതാഗതമടക്കം നിയന്ത്രിച്ചുകൊണ്ടുള്ള തിരച്ചിൽ നടന്നതാകട്ടെ ഒരു മൊബൈൽ ഫോണിന് വേണ്ടിയും.പാലത്തിന്റെ വിടവിലൂടെ താഴേക്കു വീണ മൊബൈൽ ഫോൺ വീണ്ടെടുക്കാനുള്ള അഗ്‌നിരക്ഷാസേനയുടെ കഠിനാധ്വാനമാണ് മണിക്കൂറുകളെടുത്തിട്ടും വിഫലമായി പോയത്.രാവിലെ 9നു സുഹൃത്തിന്റെ സ്‌കൂട്ടറിന്റെ പിന്നിലിരുന്നു കോളജിലേക്കു പോയ വിദ്യാർത്ഥിനിയുടെ വില കൂടിയ സ്മാർട് ഫോണിനു വേണ്ടിയായിരുന്നു നീണ്ട നേരത്തെ തിരച്ചിൽ നടന്നത്.

ഇടുക്കി നെല്ലിപ്പാറ കപ്പലുമാക്കൽ അലീന ബെന്നിയുടെ ഫോൺ ആണു നഷ്ടപ്പെട്ടത്.യാത്രയ്ക്കിടെ ഫോൺ കയ്യിൽ നിന്നു തെറിച്ചു പോയതിനെ തുടർന്ന് അലീന പാലത്തിൽ പലയിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കൂട്ടുകാരെ അറിയിച്ചപ്പോൾ അവരും എത്തി അന്വേഷണം നടത്തിയെങ്കിലും കിട്ടിയില്ല.തുടർന്ന് നഷ്ടപ്പെട്ട മൊബൈൽ ഫോണിലേക്കു വിളിച്ചപ്പോൾ ബെല്ലടിച്ചു.പാലത്തിന്റെ താഴെ നിന്നാണു ശബ്ദം കേട്ടതെന്നു മനസ്സിലാക്കി ഉപരിതലത്തിലെ വിടവിലൂടെ നോക്കിയപ്പോൾ താഴെ സ്പാനിനു സമീപം ഫോൺ ബ്ലിങ്ക് ചെയ്യുന്നതു കണ്ടു.തുടർന്നാണ് ഫോൺ വീണ്ടെടുക്കാൻ അഗ്‌നിരക്ഷാസേനയുടെയും പൊലീസിന്റെയും സഹായം തേടിയത്.

അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ പാലത്തിന്റെ കൈവരിയിൽ വടം കെട്ടി ഇറങ്ങിയെങ്കിലും ഫോൺ ഇരിക്കുന്നതിന്റെ അടുത്ത് എത്താനായില്ല. പാലത്തിൽ വാഹന ഗതാഗതം നിയന്ത്രിച്ച ശേഷം ടോർച്ച് ലൈറ്റിൽ തോട്ടിയും കമ്പിയും ഉപയോഗിച്ചു വീണ്ടെടുക്കാനുള്ള ശ്രമവും വിഫലമായി. ഗതാഗതക്കുരുക്ക് വർധിച്ചതോടെ ഫോൺ കണ്ടെടുക്കാനുള്ള ഉദ്യമത്തിൽ നിന്ന് അഗ്‌നിരക്ഷാസേന താൽക്കാലികമായി പിന്മാറി. അടുത്ത ദിവസം ബോട്ടിൽ പെരിയാറിലൂടെ എത്തി തിരച്ചിൽ നടത്താമെന്ന് അവർ വിദ്യാർത്ഥിനിക്ക് ഉറപ്പു നൽകിയിരിക്കുകയാണ്.