ന്യൂഡൽഹി: ബി.ബി.സി ഡോക്യുമെന്ററി വിവാദങ്ങൾക്കിടയിൽ രാജ്യത്ത് ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന അഭിപ്രായവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്തരം ശ്രമങ്ങൾ ഇന്ത്യയിൽ വിലപോവില്ലെന്നും അവ ഏതു വിധേനയും തടയുമെന്നും മോദി പറഞ്ഞു. റിപ്ലബിക് ദിനാഘോഷങ്ങളിൽ പങ്കെടുത്ത എൻ.സി.സി കേഡറ്റുകളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ലോകം മുഴുവൻ ഇന്ത്യയെ ഉറ്റു നോക്കുന്നതിനു കാരണം നമ്മുടെ രാജ്യത്തെ യുവതലമുറയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. യുവതലമുറയ്ക്ക് ഉപകാരപ്രദമാകുന്ന നിരവധി ഡിജിറ്റൽ സംരംഭങ്ങളും സ്റ്റാർട്ടപ്പുകളും കേന്ദ്ര സർക്കാർ ആരംഭിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇത് ഇന്ത്യൻ യുവതയ്ക്ക് അവസരങ്ങളുടെ കാലഘട്ടമാണെന്നും ഇന്ത്യയുടെ വളർച്ചയുടെ സമയം വന്നെത്തിയെന്നും മോദി പറഞ്ഞു.

അതേസമയം രാജ്യത്ത് ഭിന്നതയുണ്ടാക്കാനുള്ള പല ശ്രമങ്ങളും നടക്കുന്നു എന്നും ഭാരതാംബയുടെ മക്കൾക്കിടയിൽ വേർതിരിവ് ഉണ്ടാക്കാനാണ് പലരുടേയും പരിശ്രമമെന്നും മോദി അഭിപ്രായപ്പെട്ടു. ഒരുമയാണ് ഇന്ത്യയുടെ കരുത്തെന്നും രാജ്യം പുരോഗതിയാർജ്ജിക്കുന്നത് അതുവഴിയാണെന്നും മോദി പറഞ്ഞു. ഇന്ത്യ യുവതലമുറയ്ക്ക് പ്രതിരോധ വകുപ്പിലുൾപ്പടെ നിരവധി അവസരങ്ങൾ ഒരുക്കുന്നു. കഴിഞ്ഞ എട്ടു വർഷങ്ങളിൽ പ്രതിരോധ മേഖലയിലുള്ള വനിതകളുടെ എണ്ണം ഇരട്ടിയായെന്നും സ്ത്രീകൾക്ക് നിരവധി അവസരങ്ങളാണ് സർക്കാർ ഒരുക്കുന്നതെന്നും മോദി പറഞ്ഞു.