തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായ വയനാട്ടിലെ മുണ്ടക്കൈ, ചൂരമല നിവാസികള്‍ക്കായി സാമ്പത്തിക സഹായം പ്രവഹിക്കുകയാണ്. നടന്മാരായ മോഹന്‍ലാലും ടൊവിനോ തോമസും, ആസിഫ് അലിയുമാണ് ഏറ്റവും ഒടുവില്‍ സഹായം നല്‍കിയത്. 25 ലക്ഷം രൂപ വീതമാണ് ഇരുവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

വയനാട് ദുരന്തത്തിന് ഇരയായവര്‍ക്ക് ആശ്വാസം എത്തിക്കാന്‍ വിശ്രമമില്ലാതെ സേവനം അനുഷ്ഠിക്കുന്ന വോളണ്ടിയര്‍മാര്‍. പൊലീസുകാര്‍, അഗ്നിശമന രക്ഷാ സേന, എന്‍ഡിആര്‍എഫ്, സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ധീരതയെ താന്‍ സല്യൂട്ട് ചെയ്യുന്നതായി മോഹന്‍ലാല്‍ ഫേ്‌സ്ബുക്കില്‍ കുറിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മദ്രാസ് 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ പരിശ്രമങ്ങളില്‍ തനിക്ക് കൃതാര്‍ഥതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷമസന്ധിയില്‍ ഏവരും ഒറ്റക്കെട്ടായി നിന്ന് ഐക്യത്തിന്റെ കരുത്ത് കാട്ടണമെന്നും അദ്ദേഹം കുറിച്ചു.

നടന്‍ ആസിഫ് അലിയും സാമ്പത്തിക സഹായം നല്‍കി. എത്ര തുകയാണ് നല്‍കിയത് എന്ന് ആസിഫ് വെളിപ്പെടുത്തിയില്ല.
നല്‍കിയ തുകയുടെ ഭാഗം മറച്ചുവച്ചാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിയാളുകളാണ് ആസിഫിന്റെ പ്രവര്‍ത്തിയെ അനുകൂലിച്ച് രംഗത്തെത്തിയത്.

ധനസഹായം നല്‍കിയതിനൊപ്പം വയനാടിന്റെ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നടത്തണമെന്ന് അദ്ദേഹം എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു. വയനാട് ദുരന്തത്തിന്റെ വ്യാപ്തി ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. വയനാടിന്റെ അതിജീവനത്തിനുവേണ്ടി സ്വയം സന്നദ്ധരായി ആളുകള്‍ മുന്നോട്ടുവരുന്നതാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ ചെറുതെന്നോ വലുതെന്നോ ഇല്ലാതെ കഴിയുന്നവിധം ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം എന്നാണ് ആസിഫിന്റെ വാക്കുകള്‍.

താരദമ്പതികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപയും സംഭാവന ചെയ്തു. നിരവധി താരങ്ങളാണ് സാമ്പത്തിക സഹായവുമായി എത്തുന്നത്. കൂടാതെ സഹായ അഭ്യര്‍ത്ഥനയുമായും താരങ്ങള്‍ എത്തുന്നുണ്ട്.

ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 35 ലക്ഷം രൂപ കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുല്‍ഖര്‍ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഫഹദ് ഫാസിലും നസ്രിയയും ചേര്‍ന്നും 25 ലക്ഷം നല്‍കി. തെന്നിന്ത്യന്‍ താരങ്ങളായ കാര്‍ത്തിയും സൂര്യയും ജ്യോതികയും ചേര്‍ന്ന് 50 ലക്ഷം രൂപ നല്‍കുകയുണ്ടായി. നടന്മാരായ കമല്‍ഹാസന്‍, വിക്രം എന്നിവര്‍ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നല്‍കി.