പത്തനംതിട്ട: യുവതിയെ കയറിപ്പിടിക്കുകയും ലൈംഗിക അതിക്രമം കാട്ടുകയും മര്‍ദ്ദിക്കുകയും ചെയ്ത അയല്‍വാസികളും സഹോദരന്മാരുമായ പ്രതികളെ മലയാലപ്പുഴ പോലീസ് പിടികൂടി. പുനലൂര്‍ ചാലിയക്കര ഇടമണ്‍ ഉപ്പുകുഴി ജയവിലാസം വീട്ടില്‍ നിന്നും അതുമ്പുംകുളം ചെങ്ങറ സമരഭൂമി ശാഖ 49 ല്‍ ആറ്റരികത്ത് വീട്ടില്‍ കുക്കു എന്ന ആര്‍. ജയരാജ്(30), കുളത്തൂപ്പുഴ തിങ്കള്‍ക്കരികം സാംനഗറിില്‍ നിന്നും അതുമ്പുംകുളം ചെങ്ങറ സമരഭൂമി 45 നമ്പര്‍ ശാഖയില്‍ വനതരികത്ത് വീട്ടില്‍ കിച്ചു എന്ന് വിളിക്കുന്ന ജിതിന്‍ രാജ് (26) എന്നിവരാണ് അറസ്റ്റിലായത്.

ചെങ്ങറ സമരഭൂമിയില്‍ താമസിക്കുന്ന ഇവരുടെ അയല്‍വാസിയായ 33 കാരിക്കാണ് ആക്രമണം നേരിടേണ്ടി വന്നത്. 19 ന് വൈകിട്ട് അഞ്ചിന് യുവതിയുടെ വീടിന് മുന്നില്‍ റോഡില്‍ വച്ച് മകനുമൊത്ത് കടയില്‍ പോയി വരുമ്പോഴാണ് സംഭവം ഉണ്ടായത്. ഒന്നാംപ്രതി ജയരാജ് യുവതിയുടെ പിന്നിലൂടെ വന്ന് ദേഹത്ത് കയറിപ്പിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. പിന്നീട് റോഡില്‍ തള്ളിയിട്ടു. ഈസമയം രണ്ടാം പ്രതി ജിതിന്‍ രാജ് മകനെ അസഭ്യം വിളിക്കുകയും, യുവതിയുടെ കൈപിടിച്ചു തിരിക്കുകയും, മുടിക്കും കഴുത്തിനും കുത്തിപ്പിടിച്ച് വേദനിപ്പിക്കുകയും ചെയ്തു. ജയരാജ് ചുരിദാര്‍ വലിച്ചുകീറുകയും പോലീസില്‍ പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിറ്റേന്ന് സ്റ്റേഷനില്‍ എത്തി വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എഎസ് ഐ എന്‍.ആര്‍.സുബി യുവതിയുടെ മൊഴി രേഖപ്പെടുത്തി. എസ് ഐ വിഎസ് കിരണ്‍ പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ ബി എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ പ്രതികളെ വൈകിട്ടോടെ ചെങ്ങറയില്‍ നിന്നും പിടികൂടി. വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിച്ചു..

മറ്റൊരു ദിവസം ജിതിന്‍ യുവതിയെ മദ്യപിച്ചിട്ട് അപമാനിക്കുകയും അശ്ലീലവാക്കുകള്‍ പറയുകയും ചെയ്തത് സംബന്ധിച്ച് ഭര്‍ത്താവ് അറിഞ്ഞു, പ്രതികളുടെ പിതാവിനോട് വിവരം പറഞ്ഞിരുന്നു. തുടര്‍ന്ന്,ശല്യമുണ്ടാവാതെ പറഞ്ഞു വിലക്കിക്കൊള്ളാമെന്ന് ഇദ്ദേഹം ഉറപ്പ് നല്‍കിയതായി യുവതിയുടെ മൊഴിയില്‍ പറയുന്നു. 19 ന് ജയരാജും യുവതിയുടെ വീട്ടിലെത്തി ഇപ്രകാരം ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ വൈകിട്ട് 5 ഓടെ ഇയാള്‍, മകനുമൊത്ത് വീട്ടിലേക്ക് നടന്നുവന്ന യുവതിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് ജിതിനും ഒപ്പം ചേര്‍ന്ന് മര്‍ദ്ദിച്ചത്. പ്രതികളെ തുടര്‍ നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.