മലപ്പുറം: പതിനാറുവയസുള്ള പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം കാണിച്ച കേസിൽ പരപ്പനങ്ങാടി -ചെമ്മാട് റൂട്ടിൽ പാരലൽ സർവീസ് നടത്തുന്ന ട്രക്കർ ഡ്രൈവർ പന്താരങ്ങാടി പതിനാറുങ്ങൽ കുരിക്കൾ പീടിക അബ്ദുറഹ്മാനാണ് പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്.

2019 സപ്തംബർ എട്ടിന് തിരൂരങ്ങാടി അമ്പലപ്പടിയിൽ വച്ച് പ്രായപൂർത്തിയാകാത്ത 16 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടി തൃക്കുളത്ത് നിന്നും പരപ്പനങ്ങാടിക്ക് പോകുന്നതിനായി അബ്ദുറഹിമാന്റെ ട്രക്കറിൽ കയറി യാത്ര ചെയ്യവേയാണ് ലൈംഗിക അതിക്രമ ശ്രമം. പ്രതിയുടെ സമീപത്തിരുന്ന് യാത്ര ചെയ്തു വരുന്ന സമയത്ത് പ്രതി സ്റ്റിയറിങ് തിരിക്കുന്നതിനിടെ മനഃപൂർവ്വം ലൈംഗികോദ്ദേശത്തോടുകൂടി കൈമുട്ട് കൊണ്ട് അന്യായക്കാരിയുടെ മാറിടത്തിൽ തട്ടിയെന്നായിരുന്നു പരാതി.

തിരൂരങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിവിധ വകുപ്പുകളിലായി ആറുവർഷം കഠിന തടവിനും, 60000/ രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ 7 മാസം കഠിന തടവിനുമാണ് ശിക്ഷ വിധിച്ചത്. പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ശ്രീമതി. ഫാത്തിമബീവി എ. ആണ് ശിക്ഷ വിധിച്ചത്.

തിരൂരങ്ങാടി പൊലീസ് എസ് എച്ച് ഒ ആയിരുന്ന റഫീഖ് .കെ രജിസ്റ്റർ ചെയ്ത കേസ്സിൽ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടറായിരുന്ന ഇ നൗഷാദ്. ആണ്. പ്രോസിക്യുഷൻ ഭാഗം തെളിവിലേക്കായി 16 സാക്ഷികളെ വിസ്തരിച്ചിട്ടുള്ളതും, 19 രേഖകൾ ഹാജരാക്കിയിട്ടുള്ളതുമാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: ഷമ മാലിക് ഹാജരായി. പ്രോസിക്യൂഷൻ ലൈസൺ വിംഗിലെ അസി.സബ് ഇൻസ്പെക്ടർ സ്വപ്ന രാംദാസ് പ്രോസിക്യൂഷനെ സഹായിച്ചു.