പാലക്കാട്: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തുള്ള സ്വകാര്യ മസാജ് ആൻഡ് ആയുർവേദിക് ബ്യൂട്ടി ക്ലിനിക്കിൽ നിന്ന് 40,000 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ പ്രതി റിമാൻഡിൽ. പൊള്ളാച്ചി എം.ജി.ആർ കോളനി സ്വദേശി വെട്രിവേൽ (28) ആണ് ടൗൺ സൗത്ത് പോലീസിന്റെ പിടിയിലായത്. ഇയാൾ പാലക്കാട് ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിലും തമിഴ്നാട്ടിലും നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

പ്രതിയുടെ പതിവ് രീതിയനുസരിച്ച്, മോഷണത്തിനായി ഇയാൾ തമിഴ്നാട്ടിൽ നിന്ന് സ്റ്റേറ്റ് ബസ് മാർഗം കേരളത്തിലെത്തുകയാണ് പതിവ്. മോഷ്ടിക്കുന്ന പണവുമായി മസാജ് സെന്ററുകൾ, ബ്യൂട്ടി ക്ലിനിക്കുകൾ, ആയുർവേദ സുഖചികിത്സാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം തിരികെ നാട്ടിലേക്ക് മടങ്ങുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇയാൾ നീണ്ട ഇടവേളയ്ക്ക് ശേഷം പാലക്കാട്ടെത്തിയത്. മോഷ്ടിച്ച സാധനങ്ങളിൽ 25,000 രൂപ, ഒരു മൊബൈൽ ഫോൺ, മസാജിന് ഉപയോഗിക്കുന്ന വിവിധതരം ഓയിലുകൾ, ക്രീമുകൾ, കോണ്ടം എന്നിവ ഉൾപ്പെടുന്നു.

ഈ മാസം ആറിന് പുലർച്ചെ 5.30 ഓടെ പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തിയ പ്രതി, പതിവായി സന്ദർശിക്കാറുള്ള സ്റ്റാൻഡിനടുത്തുള്ള സ്വകാര്യ ഹോട്ടലിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി ക്ലിനിക്കിന് മുന്നിലെത്തി. പൂട്ടിയിട്ടിരുന്ന സ്ഥാപനത്തിന് മുന്നിൽ കാത്തുനിന്ന പ്രതി, കസേരക്കരികിലെ ചെടിച്ചട്ടിക്കടിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ കണ്ടെത്തുകയായിരുന്നു. താക്കോൽ ഉപയോഗിച്ച് സ്ഥാപനം തുറന്ന് അകത്തുകയറി സാധനങ്ങൾ മോഷ്ടിച്ച ശേഷം ഇയാൾ പൊള്ളാച്ചിയിലേക്ക് മടങ്ങി.

സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ടൗൺ സൗത്ത് പോലീസ് പ്രതിയെ പിടികൂടിയത്. മോഷണം നടത്തിയ രീതി പോലീസ് മുന്നിൽ വിവരിച്ചപ്പോൾ പ്രതി യാതൊരു കൂസലുമില്ലാതെയാണ് സംസാരിച്ചതെന്ന് പോലീസ് അറിയിച്ചു.