തിരുവനന്തപുരം: പാലോട് മങ്കയം പമ്പ് ഹൗസിന് സമീപം കാട്ടിൽ നിന്നും ഒഴുകി വന്ന 13 കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തി. റബ്ബർ മരത്തിലും സമീപത്തെ ആറ്റിലുമായി ഇവയുടെ ജഡങ്ങൾ കണ്ടെത്തിയത്. ആറ്റിലേക്ക് തുണി കഴുകാൻ എത്തിയ സ്ത്രീകളാണ് ആദ്യം ഇവയെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടത്.

വിവരം ലഭിച്ചതിനെ തുടർന്ന് പെരിങ്ങമ്മല ഫോറസ്റ്റ് സെക്ഷൻ ഓഫീസിലെ ഉദ്യോഗസ്ഥരെത്തി ജഡങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി മാറ്റി. ചില കുരങ്ങുകളുടെ വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

സംഭവത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. വിഷബാധയേറ്റാണോ ഇവ ചത്തതെന്ന നിഗമനത്തിലാണ് അധികൃതർ. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനകൾക്ക് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് വനംവകുപ്പ് അറിയിച്ചു.