ഇടുക്കി:ഓടിക്കൊണ്ടിരിക്കവേ കാറിന് തീ പിടിച്ച് അപകടം.മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ റോസ് ഗാർഡന് സമീപമാണ് സംഭവം.തലനാരിഴയ്ക്കാണ് അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരും രക്ഷപ്പെട്ടത്.മലപ്പുറത്ത് നിന്ന് മൂന്നാറിൽ വിനോദയാത്രയ്‌ക്കെത്തിയ മൂന്ന് പേർ സഞ്ചരിച്ച കാർ ഓട്ടത്തിനിടെ തീ പിടിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം മൂന്നാറിൽ സന്ദർശനത്തിനെത്തിയ സഞ്ചാരികളുടെ വാഹനം മൂന്നാർ റോസ് ഗാർഡന് സമീപമെത്തിയപ്പോൾ നിന്നുപോയിരുന്നു.ഇതേ തുടർന്ന് റോഡ് സൈഡിൽ വാഹനം പാർക്ക് ചെയ്ത് വർക്ക് ഷോപ്പിൽ നിന്നും ആളെ വിളിച്ചുകൊണ്ടുവന്ന് വാഹനം കാണിച്ചിരുന്നു.

എന്നാൽ മൂന്നാറിലെ തണുപ്പ് കാരണമാകാം വാഹനം നിന്ന് പോയതാണെന്നും കുറച്ച് കഴിഞ്ഞ് സ്റ്റാർട്ട് ചെയ്താൽ മതിയെന്നുമാണ് വർക്ക് ഷോപ്പുകാരൻ പറഞ്ഞത്.ഇതേ തുടർന്ന് ഇന്ന് രാവിലെ ഡ്രൈവറും മറ്റ് മൂന്ന് പേരും വാഹനം സ്റ്റാർട്ടാക്കി അല്പദൂരം മുന്നോട്ട് പോകുന്നതിനിടെ വാഹനത്തിൽ നിന്നും പുക ഉയരുകയായിരുന്നു.ഇതേ തുടർന്ന് ഡ്രൈവറും യാത്രക്കാരും പെട്ടെന്ന് തന്നെ വാഹനത്തിൽ നിന്നും പുറത്തിറങ്ങി. തൊട്ട് പിന്നാലെ കാർ കത്തുകയായിരുന്നു. വാഹനത്തിന്റെ സെന്റർ ലോക്ക് വീഴാതിരുന്നത് യാത്രക്കാർക്ക് രക്ഷയായി. കാർ ഭാഗികമായി കത്തി നശിച്ച നിലയിലാണ്.