- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ചടി നിര്‍ത്താന്‍ മോട്ടോര്‍ വാഹന വകുപ്പ്; ആര്‍.സി, ലൈസന്‍സ് കാര്‍ഡ് ഇനി ആവശ്യപ്പെടുന്നവര്‍ക്കു മാത്രം
അച്ചടി നിര്‍ത്താന്‍ മോട്ടോര്‍ വാഹന വകുപ്പ്; ആര്‍.സി, ലൈസന്‍സ് കാര്‍ഡ് ഇനി ആവശ്യപ്പെടുന്നവര്‍ക്കു മാത്രം
തിരുവനന്തപുരം: ആര്‍.സി., ഡ്രൈവിങ് ലൈസന്‍സ് അച്ചടി പ്രതിസന്ധി മറികടക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് കാര്‍ഡ് അച്ചടി നിര്‍ത്തുന്നു. ആവശ്യപ്പെടുന്നവര്‍ക്ക് മാത്രമാകും ഇനി കാര്‍ഡുകള്‍ നല്‍കുക. കാര്‍ഡ് വേണ്ടവര്‍ 200 രൂപ അടയ്ക്കണം. മറ്റുള്ളവര്‍ക്ക് ഡിജിറ്റല്‍ പകര്‍പ്പ് ഉപയോഗിക്കാം. ആര്‍.സി, ഡ്രൈവിങ് ലൈസന്‍സുകളുടെ അച്ചടി അച്ചടിക്കൂലി കുടിശ്ശിക കാരണം അവതാളത്തിലായ സാഹചര്യത്തിലാണ് ഇങ്ങിനെ ഒരു തീരുമാനം..
കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളായ എം.പരിവാഹന്‍, ഡിജി ലോക്കര്‍ എന്നിവയില്‍ ആര്‍.സി, ലൈസന്‍സ് ഡിജിറ്റല്‍ പ്രിന്റ് ലഭിക്കും. ഇതിന് അസലിന്റെ നിയമസാധുതയുണ്ട്. ഇവ മൊബൈല്‍ഫോണില്‍ ലഭ്യമാകും. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഡിജിറ്റല്‍ ലൈസന്‍സിന്റെ ക്യൂ.ആര്‍. കോഡുള്ള ഭാഗം പ്രിന്റ് ചെയ്ത് ഉപയോഗിക്കാം. ഇതില്‍നിന്ന് ഉദ്യോഗസ്ഥര്‍ക്ക് രേഖയുടെ സാധുത തിരിച്ചറിയാനാകും.
ആദ്യഘട്ടമായി ഡ്രൈവിങ് ലൈസന്‍സും പിന്നീട് ആര്‍.സി. അച്ചടിയും പൂര്‍ണമായി നിര്‍ത്തും. സര്‍ക്കാരിന് വരുമാനനഷ്ടമുണ്ടാകുമെന്നതിനാല്‍ അച്ചടി നിര്‍ത്തുന്നത് സംബന്ധിച്ച് ധനവകുപ്പിന്റെ അഭിപ്രായം തേടും. അഞ്ചുലക്ഷം ആര്‍.സി.യും, 1.30 ലക്ഷം ഡ്രൈവിങ് ലൈസന്‍സുമാണ് അച്ചടിക്കാനുള്ളത്. കാര്‍ഡിനുള്ള തുക യഥാസമയം മോട്ടോര്‍വാഹനവകുപ്പ് അപേക്ഷകരില്‍നിന്ന് വാങ്ങുന്നുണ്ടെങ്കിലും കരാര്‍ കമ്പനിക്ക് അച്ചടിക്കൂലി നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണം. 10 കോടി രൂപ കുടിശ്ശിക വന്നതിനെത്തുടര്‍ന്ന് അച്ചടി നിര്‍ത്തിവെച്ചിരിക്കുകയാണ്.
തിരിച്ചറിയല്‍ രേഖയായി ആവശ്യമുള്ളവര്‍ക്കുമാത്രം കാര്‍ഡ് നല്‍കും. ഇതിന് സ്വന്തം നിലയ്ക്ക് അച്ചടി ആരംഭിക്കാനുള്ള നീക്കത്തിലാണ് മോട്ടോര്‍വാഹനവകുപ്പ്. അഞ്ച് മെഷീനുകള്‍ വകുപ്പിനുണ്ട്. എന്നാല്‍, നിലവിലെ കുടിശ്ശിക എങ്ങനെ തീര്‍ക്കുമെന്നതില്‍ ധാരണയായിട്ടില്ല.