തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ ടിക്കറ്റ് നിരക്ക് കുറയുമെന്ന് സൂചന. ഇതിന്റെ ഭാഗമായി സർക്കാർ ഇ-ടിക്കറ്റിങ് സംവിധാനം ഏർപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും നിർമ്മാതാവുമായ ജി. സുരേഷ് കുമാർ അറിയിച്ചു.

ഈ സംവിധാനം നടപ്പിലാക്കുന്നതിനായി സർക്കാർ 10 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. നിലവിൽ ബുക്ക് മൈ ഷോ പോലുള്ള പ്ലാറ്റ്‌ഫോമുകൾ ടിക്കറ്റിന് 45 രൂപ വരെ അധികമായി ഈടാക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. പുതിയ സംവിധാനത്തിലൂടെ ടിക്കറ്റ് നിരക്ക് കുറച്ച് ജനങ്ങൾക്ക് കൂടുതൽ ലാഭകരമാക്കാനാണ് ലക്ഷ്യമിടുന്നത്.

പുതിയ ഇ-ടിക്കറ്റിങ് സംവിധാനം സർക്കാരിന്റെ സെർവറുകൾ വഴിയായിരിക്കും പ്രവർത്തിക്കുക. ഇത് ടിക്കറ്റ് വിതരണത്തിലെ സുതാര്യത വർദ്ധിപ്പിക്കാനും അനാവശ്യമായ ചെലവുകൾ കുറയ്ക്കാനും സഹായിക്കും. ഇതു സംബന്ധിച്ച പ്രാഥമിക നടപടികൾ പുരോഗമിക്കുകയാണ്. തിയേറ്റർ ഉടമകളെയും ഇതിൽ സഹകരിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് തീരുമാനം.