തിരൂർ: തിരൂർ എസ്.എസ്.എം പോളിടെക്നിക് കോളജിൽ എം.എസ്.എഫ് വനിത യൂനിയൻ സെക്രട്ടറി കെ. ഷംലക്കെതിരെ (21) എസ്.എഫ്.ഐ ആക്രമണം. തലക്ക് പരിക്കേറ്റ ഷംലയെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇതേ കോളജിലെ വിദ്യാർത്ഥി അഭിജിത്തിനെ (22) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.

യൂനിയൻ തെരഞ്ഞെടുപ്പിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി പ്രിൻസിപ്പലിന്റെ അനുമതിയോടെ ക്ലാസ് മുറികളിൽ മധുര പലഹാരം വിതരണത്തിനിടെയാണ് അക്രമം. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് മുഴുവൻ സീറ്റും നില നിർത്തിയാണ് യു.ഡി.എസ്.എഫ് ഇത്തവണ വിജയം നേടിയത്.

മധുരവിതരണത്തിന്റെ ഭാഗമായി മൂന്നാം വർഷ മെക്കാനിക്കൽ വിദ്യാർത്ഥികളുടെ ക്ലാസ് മുറിയിൽ എത്തിയ വിദ്യാർത്ഥികൾക്ക് നേരെയാണ് എസ്.എഫ്.ഐ പ്രവർത്തകരുടെ അക്രമമുണ്ടായത്. അക്രമത്തിനിടെ അഭിജിത്ത് ഭാരമുള്ള വസ്തുകൊണ്ട് എറിയുകയും ഷംലക്ക് തലക്ക് പരിക്ക് ഏൽക്കുകയുമായിരുന്നു. എസ്.എഫ്.ഐ. പാനലിൽ ചെയർമാൻ സ്ഥാനത്തേക്കു മത്സരിച്ച വിദ്യാർത്ഥി ഉൾപ്പെടെയുള്ളവരാണ് അക്രമം നടത്തിയതെന്ന് എം.എസ്.എഫ് ആരോപിച്ചു.