- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് ഗുജറാത്തിൽ തോറ്റപ്പോൾ ഞങ്ങൾ ദുഃഖിച്ചു; എന്നാൽ ത്രിപുരയിൽ ഞങ്ങൾ തോറ്റപ്പോൾ സംസ്ഥാനത്തെ കോൺഗ്രസുകാർ പടക്കം പൊട്ടിച്ചു; ആർ എസ് എസിന്റെ ഏക കോഡ് മനുസ്മൃതി മാത്രം; വീണ്ടും വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്
കണ്ണൂർ: കോൺഗ്രസിനും ബിജെപിക്കുമെതിരെ വീണ്ടും അതിരൂക്ഷ വിമർശനവുമായി മന്ത്രി പി. എ മുഹമ്മദ് റിയാസ്. രാജ്യത്ത് ആർ. എസ്. എസ് അജൻഡ ഓരോന്നായി നടപ്പിലാക്കി വരികയാണെന്ന് മന്ത്രി പറഞ്ഞു. കണ്ണൂർ പയ്യാമ്പലം ഗസ്റ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന്റെ മര്യാദയില്ലാതെയാണ് അവർ ഓരോന്നായി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ആർ. എസ്. എസിന് ഒറ്റകോഡുമാത്രമേയുള്ളൂ. അതുമനുസ്മൃതിയാണ്. ഏകസിവിൽ കോഡ് പ്രധാനമന്ത്രി ഭോപ്പാലിൽ അവരുടെ പ്രവർത്തകയോഗത്തിൽ പെട്ടെന്ന് ചാടിക്കയറി നടപ്പിലാക്കുമെന്ന് പറഞ്ഞതല്ല, നേരത്തെ അതുനടപ്പിലാക്കുമെന്ന് ആർ. എസ്. എസ് പ്രഖ്യാപിച്ചതാണ്. ഓരോന്നായി അവർ നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. ആർട്ടിക്കൾ 370 ബന്ധപ്പെട്ടു കാശ്മീരിൽ എങ്ങനെയാണ് നടപ്പിലാക്കിയതെന്നു നാം കണ്ടു.പൗരത്വഭേദഗതിയും നാം കണ്ടു എങ്ങനെയാണ് നടപ്പാക്കാൻ ശ്രമിച്ചതെന്നു. 2012 മുതൽ ഇങ്ങോട്ടു പശുവിറച്ചി കഴിക്കുന്നതുമായി ബന്ധപ്പെട്ടു 45-പേർ കൊല്ലപ്പെട്ടു. ഇതിനപ്പുറം പല ഉദാഹരണങ്ങളുണ്ട്. ഇങ്ങനെയൊക്കെ ബിജെപിയുടെ പ്രകടനപത്രികയിൽ പറഞ്ഞകാര്യമാണ്. ആർ. എസ്. എസ് പ്രഖ്യാപിച്ച അജൻഡകൾ നടപ്പിലാക്കിയ അനുഭവവും ചരിത്രബോധവും നമ്മുടെ മുൻപിലിരിക്കെ ഇനിയും കരടുവരട്ടെയെന്നു പറയുന്നത് കോഴികൂടിനകത്ത് കുറുക്കനെ കയറ്റി കോഴിയെ തിന്നുമോയെന്നു നോക്കട്ടെയെന്നു പറയുന്നതിന് തുല്യമാണ്.
ആദ്യം സംസ്ഥാനത്തിന്റെ തലസ്ഥാനം ഏതു വേണമെന്ന ഒരു യോജിച്ച അഭിപ്രായം വേണം. കേരളത്തിലെ തലസ്ഥാനം ഏതുവേണമെന്നു തീരുമാനിക്കണം. കോൺഗ്രസ് എംപിമാർ അടുത്ത തവണ ജയിക്കാൻ അവർ പ്രതിനിധാനം ചെയ്യുന്ന സ്ഥലങ്ങൾ അവർക്ക് ജയിക്കാൻ തലസ്ഥാനമാക്കേണ്ടി വരുമോയെന്നും മന്ത്രി ചോദിച്ചു. കോൺഗ്രസ് ഒരു പാർട്ടിയാണ്. എന്നാൽ നൂറാളുകൾക്ക് നൂറ് അഭിപ്രായമാണ്. കേരളത്തിന്റെ പൊതുഅന്തരീക്ഷം ഏകീകൃത സിവിൽ കോഡിനെതിരെയായതുകൊണ്ടാണ്.
ഏകീകൃത സിവിൽ കോഡിനെ അനുകൂലിക്കാൻ അവർക്ക് തിളച്ചുവരുന്നുണ്ട്. ഇതുകേരളമായതു കൊണ്ടു ഒന്നും പറയാത്തതാണ്. മറ്റു സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡിന് അനുകൂലിച്ചു പ്രസംഗിച്ചു മത്സരിക്കാൻ ഹൈക്കമാൻഡ് എന്തെങ്കിലും മത്സരമേർപ്പെടുത്തിയിട്ടുണ്ടോയെന്ന സംശയം തോന്നി പോവുകയാണ്. ഇന്ത്യയിൽ ബിജെപിയെ പരാജയപ്പെടുത്താനുള്ള സമീപനമാണ് ഞങ്ങൾ സ്വീകരിക്കുന്നത്.
ദേശീയരാഷ്ട്രീയത്തിൽ ഓരോസ്ഥലങ്ങളിലും പരാജയപ്പെടുത്താനുള്ള നയങ്ങളാണ് ഞങ്ങൾ സ്വീകരിക്കുന്നത്. ഗുജറാത്തിൽ കോൺഗ്രസ് പരാജയപ്പെട്ടപ്പോൾ ദുഃഖിച്ചവരാണ് ഞങ്ങൾ. എന്നാൽ ഞങ്ങൾ ത്രിപുരയിൽ തോറ്റപ്പോൾ പടക്കം പൊട്ടിച്ചവരാണ് കേരളത്തിലെ കോൺഗ്രസുകാരെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തണമെന്ന് അണികൾക്ക് ആഗ്രഹമുണ്ട്. എന്നാൽ കോൺഗ്രസിലെ ചില നേതാക്കൾ അതിനോടു യോജിക്കുന്നില്ലെന്നും ഇക്കാര്യം മുൻപ് പറഞ്ഞതുകൊണ്ടു ആവർത്തിക്കില്ലെന്നും മന്ത്രി പറഞ്ഞു.




