- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനോദസഞ്ചാര മേഖലയിൽ വേഗതയേറിയ മുന്നേറ്റമെന്ന് മന്ത്രി മുഹമ്മദ് റിയാസ്; എത്തനിക് വില്ലേജ് പദ്ധതിക്കായി 1.27 കോടി രൂപ അനുവദിച്ചു
ഇടുക്കി: കേരളം വിനോദസഞ്ചാരമേഖലയിൽ അതിവേഗം മുന്നേറുന്ന കാലഘട്ടമാണിതെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇടുക്കി അണക്കെട്ടിനു സമീപത്തായി നിർമ്മാണം പൂർത്തീകരിച്ച ടൂറിസം വകുപ്പ് ഇക്കോ ലോഡ്ജുകളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയെ സംബന്ധിച്ച ഒരു പ്രാധാന്യമുള്ള പദ്ധതിയാണിത്. അനുദിനം ഇടുക്കിയിലേക്ക് വരുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ അവർക്കായി താമസം ഒരുങ്ങുന്നത് വളരെ ആഹ്ലാദകരമാണ്.
വിനോദസഞ്ചാരരംഗത്ത് ഒട്ടേറെ സംഭാവനകൾ നൽകുന്ന ജില്ലയാണ് ഇടുക്കി. ജില്ലയ്ക്കായി വിഭാവനം ചെയ്യുന്ന പദ്ധതിയാണ് എത്തനിക് വില്ലേജെന്നും ഇതിനായി ഒരുകോടി 27 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലെ എൻ ഊര് പൈതൃക ഗ്രാമം എന്ന പദ്ധതിക്കുമായി ബന്ധമുള്ള പദ്ധതിയാണിത്. കേരളത്തിലെ വിവിധ ഗോത്രവിഭാഗങ്ങളുടെ തനത് ജീവിതശൈലി, കല, കരകൗശലനിർമ്മാണം, ഭക്ഷണം എന്നിങ്ങനെയുള്ളവ ആഗോളതലത്തിൽ പരിചയപ്പെടുത്തും. ഇടുക്കി ജില്ലയിലാണ് ഈ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നത്. ഉത്തരവാദിത്വ ടൂറിസം മിഷനും ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായിട്ടാണ് എത്തനിക്ക് വില്ലേജ് പദ്ധതി നടപ്പിലാക്കുന്നത്. അന്താരാഷ്ട്രതലത്തിലും ദേശീയതലത്തിലും നിരവധി പുരസ്‌കാരങ്ങൾ കേരള ടൂറിസത്തിന് ലഭിച്ചിട്ടുണ്ട്. നമ്മുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കുള്ള ഊർജ്ജവുമാണ് ഇത്തരം പുരസ്‌കാരങ്ങൾ.
കേരളത്തിലെ സാധ്യതകളിൽ മറ്റൊന്നാണ് തീർത്ഥാടന ടൂറിസം. ഇതിനായി ടൂറിസം വകുപ്പ് നടപ്പിലാക്കിയ മൈക്രോസൈറ്റുകൾ ശ്രദ്ധേയമാണ്. കേരളത്തിന്റെ തീർത്ഥാടനടൂറിസത്തെ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുവാനുള്ള മാർഗമാണ് മൈക്രോസൈറ്റുകൾ. ശബരിമലക്കായി ബഹുഭാഷ മൈക്രോസൈറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങൾ പരിചയപ്പെടുത്തുകയും പ്രത്യേകതകൾ വിവരിക്കുകയും ചെയ്യുന്ന മൈക്രോസൈറ്റാണ് തയ്യാറാക്കി വരുന്നത്.
ഓരോ ആരാധനാലയങ്ങളിലേക്കുള്ള റൂട്ടുകൾ, ആരാധനാലയങ്ങളുടെ അടുത്തുള്ള താമസ സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടെ ലഭിക്കും വിധമാണ് തയ്യാറാക്കുന്നത്. അതുപോലെ മറ്റൊരു പദ്ധതിയാണ് സിനിമ ടൂറിസം. വരും കാലങ്ങളിൽ കേരളത്തിലെ സിനിമ ലൊക്കേഷനുകൾ സഞ്ചാരികളെ ആകർഷിക്കും വിധം വികസിപ്പിക്കുന്ന പദ്ധതിയാണിത്. ഇടുക്കി ജില്ലയിലും നിരവധി സിനിമ ലൊക്കേഷനുകളുണ്ട്. അവയെല്ലാം സിനിമ ടൂറിസത്തിലേക്ക് കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ ടൂറിസം രംഗത്ത് വലിയ മാറ്റങ്ങളാണു സംഭവിക്കുന്നതെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ചു ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടുക്കി ജില്ലാ പ്രത്യേക ടൂറിസം പ്രാദേശമാണ്. ഒട്ടനവധി ആഭ്യന്തര - വിദേശ വിനോദസഞ്ചാരികളുടെ വരവ് സംസ്ഥാനത്തും ജില്ലയിലുമുണ്ട്. ഇക്കോ ലോഡ്ജുകൾ ഇരിക്കുന്ന പ്രദേശം ഒരു പ്രധാനടൂറിസം മേഖലയാണ്. ഇതോടനുബന്ധിച്ചു വിവിധ ടൂറിസം പദ്ധതികൾ നടപ്പിലാക്കും. സാംസ്‌കാരിക മ്യൂസിയവും ജലവിഭവ വകുപ്പിന്റെ മ്യൂസിയവും പ്രധാനപ്പെട്ട പദ്ധതികളാണെന്നും മന്ത്രി പറഞ്ഞു.
മഴവിൽ ആകൃതിയിൽ തലയെടുപ്പോടെ നിൽക്കുന്ന കേരളത്തിന്റെ അഭിമാനമായ ഇടുക്കി ഡാമിന്റെയും ഇരുഭാഗങ്ങളിലുമുള്ള കുറവൻ- കുറത്തി മലകളുടെയും താഴ്‌വാരത്തിൽ കേരളീയവാസ്തു ശില്പസൗന്ദര്യത്തോടെ ചേർന്നുനിൽക്കുന്ന മനോഹരമായ ഇടമാണ് ഇടുക്കി ഇക്കോ ലോഡ്ജ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആർച്ച് ഡാമിന് കീഴിൽ പ്രകൃതിയുടെ എല്ലാ മനോഹാരിതയും ആസ്വദിക്കുവാനാണ് ടൂറിസം വകുപ്പ് ഈ താമസസൗകര്യത്തിലൂടെ ലക്ഷ്യമിടുന്നത്. ആകെ 12 കോട്ടേജുകളുള്ള ഇടുക്കി ഇക്കോ ലോഡ്ജിൽ കേരളീയത തുളുമ്പി നിൽക്കുന്ന ഒന്നിനൊന്നു മെച്ചമായ അത്യാധുനികമായ താമസയിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 25 ഏക്കറോളം വരുന്ന പ്രദേശത്താണ് ഇക്കോ ലോഡ്ജുകൾ നിർമ്മിച്ചിരിക്കുന്നത്.
പൂർണമായും തടികൊണ്ടാണു നിർമ്മാണം. എറണാകുളത്തു നിന്നും തൊടുപുഴയിൽ നിന്നും വരുന്നവർക്ക് ചെറുതോണിയിൽ നിന്ന് ഒന്നര കിലോമീറ്റർ മുൻപോട്ടു പ്രധാനപാതയിൽ സഞ്ചരിച്ചാൽ ഇവിടെയെത്താൻ സാധിക്കും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ച ഇക്കോ ലോഡ്ജിലെത്തുന്ന വിനോദസഞ്ചാരികൾക്കു പ്രകൃതിസൗഹൃദമായ താമസത്തിന്റെ അനുഭവം മാത്രമല്ല പത്തു കിലോമീറ്റർ ചുറ്റളവിനുള്ളിൽ സ്ഥിതി ചെയ്യുന്ന ചെറുതോണി ഇടുക്കി ഡാം, ഹിൽവ്യൂ പാർക്ക്, ഇടുക്കി ഡിടിപിസി പാർക്ക്, കുടിയേറ്റസ്മാരകടൂറിസം വില്ലേജ്, കാൽവരിമൗണ്ട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളും സന്ദർശിക്കാനാകും.
പദ്ധതിയുടെ നിർമ്മാണത്തിനായി വിനിയോഗിച്ചത് 6.72 കോടി രൂപയാണ്. സംസ്ഥാനസർക്കാരിൽ നിന്നും 2.78 കോടി രൂപയും കേന്ദ്രസർക്കാരിൽ നിന്ന് (സ്വദേശ് ദർശൻ പദ്ധതി മുഖേന ) 5.05 കോടി രൂപയ്ക്കാണു ഭരണാനുമതി ലഭിച്ചത്. 12 കോട്ടേജുകളാണ് ആകെയുള്ളത്. പ്രതിദിനം നികുതിയുൾപ്പെടെ 4130 രൂപയാണ് ഈടാക്കുന്നത്. വിനോദസഞ്ചാരവകുപ്പിന്റെ വെബ് സൈറ്റായ ംംം.സലൃമഹമീtuൃശാെ.ീൃഴ വഴി ഇക്കോ ലോഡ്ജ് ഓൺലൈനായി ബുക്ക് ചെയ്യാം.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, ടൂറിസം അഡിഷണൽ ഡയറക്ടർ അനിത കുമാരി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷൻ സി. വി വർഗീസ്, എ. ഡി. എം ഷൈജു പി ജേക്കബ്, ത്രിതലപഞ്ചായത്ത് അംഗങ്ങളായ മിനി ജേക്കബ്, കെ. ജി സത്യൻ, രാരിച്ചൻ നീർനാകുന്നേൽ, രാജു ജോസഫ്, പ്രഭ തങ്കച്ചൻ, സിജി ചാക്കോ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ ഷൈൻ, രാഷ്ട്രീയകക്ഷി നേതാക്കളായ ഷാജി കാഞ്ഞമല, അനിൽ കൂവപ്ലാക്കൽ, റോമിയോ സെബാസ്റ്റ്യൻ, ജോസ് കുഴികണ്ടം, ഷിജോ തടത്തിൽ, സിഎം അസിസ്, സിനോജ് വള്ളാടി, എം. വി ബേബി
തുടങ്ങി പൗരപ്രമുഖർ, ഇതര വകുപ്പുകളിലെ ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.




