പാലക്കാട്: കെ സുധാകരനെയും കോൺഗ്രസിനെയും രൂക്ഷമായി പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. അവർ ഉറക്കത്തിൽ പോലും ബിജെപിക്കെതിരെ പറയാതിരിക്കാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനും കോൺഗ്രസ് നേതാക്കളും ഗുളിക കഴിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

കോൺഗ്രസിൽ നിന്നും ഇടതുപക്ഷത്തേക്ക് പ്രാണികളുടെ ഘോഷയാത്ര തന്നെ ഉണ്ടാവുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. അതുപോലെ പാലക്കാട് കോൺഗ്രസിന്റെ കത്ത് പുറത്ത് വന്നത് കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിന്റെ ഭാഗമാണെന്നും റിയാസ് തുറന്നടിച്ചു.

2021 ൽ തുടർഭരണമുണ്ടാകുമെന്ന് ആരും ഒരിടത്തും പറഞ്ഞിട്ടില്ല. പക്ഷേ വോട്ടെണ്ണി കഴിഞ്ഞപ്പോൾ ഇടതുപക്ഷത്തിന് തുടർ ഭരണം ലഭിച്ചു. പാലക്കാട് ഞങ്ങൾ ഒന്നാമതെത്തും. രണ്ടാം സ്ഥാനത്ത് യുഡിഎഫ് ആയിരിക്കും. യുഡിഎഫിനോടാണ് ഇടതുപക്ഷം മത്സരിക്കുന്നത്. ബിജെപി ചിത്രത്തിലില്ല. പാലക്കാട് ബിജെപിയെ ഉയർത്തുന്നത് കോൺഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസിൽ നിന്നും ഇടതുപക്ഷത്തേക്ക് മുമ്പും ആളുകൾ വന്നിട്ടുണ്ട്. കെപിസിസി പ്രസിഡന്റിന്റെ ഭാഷ കടമെടുത്ത് പറഞ്ഞാൽ ഇടതുപക്ഷത്തേക്ക് പ്രാണികളുടെ ഘോഷയാത്രയുണ്ടാകുമെന്നും അദ്ദേഹം വിമർശിച്ചു.