ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഗുരുവായൂർ ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി ആദ്യ ഗഡുവായി 15 കോടി രൂപയുടെ ചെക്ക് അദ്ദേഹം ദേവസ്വത്തിന് കൈമാറി. ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിൽ എത്തിയ മുകേഷ് അംബാനി, റോഡ് മാർഗം തെക്കേ നടയിലെ ശ്രീവത്സൻ അതിഥി മന്ദിരത്തിന് മുന്നിലെത്തി.

ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ദേവസ്വം ചെയർമാൻ പൊന്നാടയണിയിച്ച ശേഷം, മുകേഷ് അംബാനി ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. പൊതു അവധി ദിനമായതിനാൽ സ്പെഷ്യൽ ദർശന നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും, 25 പേർക്കായി ശ്രീകോവിലിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയാണ് അദ്ദേഹം ദർശനം നടത്തിയത്.

നാലമ്പലത്തിലെത്തി ഗുരുവായൂരപ്പനെ തൊഴുത് പ്രാർഥിച്ച അദ്ദേഹം, സോപാനപ്പടിയിൽ കാണിക്കയർപ്പിച്ചു. മേൽശാന്തിയിൽ നിന്ന് പ്രസാദം ഏറ്റുവാങ്ങിയ ശേഷം ഉപദേവന്മാരെയും വന്ദിച്ചു. കൊടിമരച്ചുവട്ടിൽ അദ്ദേഹത്തിന് കളഭം, തിരുമുടി മാല, പഴം, പഞ്ചസാര എന്നിവയടങ്ങിയ ഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ ദേവസ്വം ചെയർമാൻ സമ്മാനിച്ചു. ദേവസ്വത്തിൻ്റെ ഉപഹാരമായി ചുവർചിത്രവും നൽകി.