മുണ്ടക്കയം: മുങ്ങിമരണമെന്ന് ബന്ധുക്കൾ പോലും ഉറപ്പിച്ച കേസിൽ പൊലീസിന്റെ ചെറിയ സംശയങ്ങളിലൂടെ കൊലപാതകമെന്ന് കണ്ടെത്തൽ. മുങ്ങിമരണമെന്നു ഉറപ്പിച്ച കേസാണ്് പൊലീസിന്റെ സംശയത്തിൽ നിന്നു തുടങ്ങിയ അന്വേഷണത്തിനൊടുവിൽ കൊലപാതകമെന്ന് തെളിഞ്ഞിരിക്കുന്നത്.പാലൂർക്കാവ് കുന്നുംപുറത്ത് കുഞ്ഞുമോനെ (58) തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് അപ്രതീക്ഷിത വഴിത്തിരിവ്.കൊലപാതകമാണെന്ന പൊലീസിന്റെ കണ്ടെത്തലിനെ തുടർന്ന് കറുകച്ചാൽ മാന്തുരുത്തി വെട്ടിക്കാവുങ്കൽ സഞ്ജു(ഷിജു 27)വിനെ സംഭവം നടന്ന് ഒന്നര മാസത്തിനു ശേഷം അറസ്റ്റ് ചെയ്തു.മദ്യം വാങ്ങിയതിനെ ചൊല്ലി കുഞ്ഞുമോനും സഞ്ജുവും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

കഴിഞ്ഞ തിരുവോണ ദിവസത്തിന് തലേന്ന് പാലൂർക്കാവിലെ ചെറിയ തോട്ടിൽ കുഞ്ഞുമോനെ മരിച്ച നിലയിൽ കണ്ടത്തുകയായിരുന്നു. മദ്യപിച്ചെത്തിയ കുഞ്ഞുമോൻ തോട്ടിൽ വീണു മുങ്ങിമരിച്ചതാണെന്നായിരുന്നു പൊലീസടക്കം ആദ്യം വിലയിരുത്തിയത്.എന്നാൽ മെഡിക്കൽ റിപ്പോർട്ടുകളിൽ ശരീരത്തിൽ കണ്ട മർദനത്തിന്റെ ചെറിയ പാടുകളാണ് ചില സംശയങ്ങൾക്ക് വഴിവെച്ചത്. ഇതോടെ മരണണത്തിൽ കൂടുതൽ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.

കൊലപാതകം നടന്ന പാലൂർക്കാവിന് സമീപം നിർമ്മാണം നടന്നുകൊണ്ടിരുന്ന വീട്ടിലാണു കുഞ്ഞുമോനെ അവസാനമായി കണ്ടത്.ഒപ്പം മറ്റു 2 പേരുമുണ്ടായിരുന്നു.നിർമ്മാണജോലികൾക്കായി മണ്ണുമാന്തിയന്ത്രവുമായി എത്തിയ സഞ്ജുവും മാണി എന്ന മറ്റൊരാളുമായിരുന്നു അത്.ഇവർ മൂവരും ചേർന്ന് നിർമ്മാണത്തിനു ശേഷം ബാക്കിവന്ന ഇരുമ്പുകമ്പികൾ ഓട്ടോറിക്ഷയിൽ കയറ്റി മുണ്ടക്കയത്ത് എത്തിച്ചു വിൽപന നടത്തുകയും ഇതിൽ നിന്നും സഭിച്ച പണത്തിന് മദ്യം വാങ്ങുകയും ചെയ്തു.

മദ്യം വാങ്ങി പാലൂർക്കാവിൽ എത്തിയ കുഞ്ഞുമോനും സഞ്ജുവും ഉച്ച മുതൽ മദ്യലഹരിയിലായിരുന്ന.പിന്നാട് മദ്യം വാങ്ങിയ പണത്തെച്ചൊല്ലി വാക്കേറ്റമുണ്ടാവുകയും കുഞ്ഞുമോനെ മർദിച്ച് അവശനാക്കിയ സഞ്ജു ഒഴുക്കുള്ള തോട്ടിലേക്കു ഇയാളെ തള്ളിയിട്ടതിനു ശേഷം ബൈക്കിൽ കയറി പോകുകയുമായിരുന്നു.എന്നാൽ കുറച്ചു ദൂരം പോയ ശേഷം തിരികെയെത്തിയ സഞ്ജു വെള്ളത്തിൽ കിടന്നിരുന്ന കുഞ്ഞുമോൻ മരിച്ചു എന്ന് ഉറപ്പു വരുത്തി മലർത്തിക്കിടത്തി വെള്ളത്തിൽ മുക്കുകയും ചെയ്യുകയായിരുന്നു.തുടർന്നു മുണ്ടക്കയത്തു തന്റെ റൂമിലെത്തി ബൈക്ക് സുഹൃത്തിനെ ഏൽപിച്ച ശേഷം ജോലി കിട്ടി എന്ന് അറിയിച്ചു മംഗളൂരുവിലേക്കു കടക്കുകയുമായിരുന്നു.

പിന്നീട് നിരന്തരമുള്ള ട്രയിൻ യാത്രകളിലൂടെ പൊലീസിന്റെ പിടിയിലാകാതെ പ്രതി നടന്നു.സ്വന്തം ഫോൺ ഉപേക്ഷിച്ച്, സഹയാത്രികരായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ഫോണുകളിൽ നിന്നാണു ഹിന്ദി നന്നായി അറിയാവുന്ന പ്രതി തനിക്ക് ആവശ്യമുള്ളവരെ വിളിച്ചിരുന്നത്. എന്നാൽ ഇയാളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വരുന്ന ഫോൺ കോളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചങ്ങനാശേരിയിൽ നിന്നും ഇയാളെ പിടികൂടിയത്.

ഇടുക്കി എസ്‌പി കെ.യു.കുര്യാക്കോസ്,പീരുമേട് ഡിവൈഎസ്‌പി പി.ജെ.കുര്യാക്കോസ് എന്നിവരുടെ മേൽനോട്ടത്തിൽ എസ്എച്ച്ഒ വി.കെ.ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ തുടരന്വേഷണം നടത്തിയത്.പെരുവന്താനം സ്റ്റേഷനിലെ എസ്‌ഐ ജെഫി ജോർജ്, എഎസ്‌ഐമാരായ മുഹമ്മദ് അജ്മൽ, സെയ്ദ് മുഹമ്മദ്, സുബൈർ, സിപിഒമാരായ സുനീഷ് എസ്.നായർ, സിയാവുദ്ദീൻ, അജിത്ത് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.