തലശേരി: കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. 2021 ഓഗസ്റ്റ് 20ന് കരിക്കാംകുളം കാഞ്ഞിരമുക്ക് സ്വദേശി രാജീവനെ കുത്തിക്കൊന്ന കേസിലെ പ്രതിയായ രൂപേഷിനെയാണ് കോഴിക്കോട് ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

സംഭവ ദിവസം സാഹിർ എന്നയാളുടെ മീൻ കച്ചവടം പ്രതി രൂപേഷ് തടഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്ത രാജീവനെ രൂപേഷ് കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ സാഹിർ അലിക്കും പരിക്കേറ്റിരുന്നു. വയറ്റിലും മറ്റു ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ രാജീവൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.

രാജീവനെ കൊലപ്പെടുത്തിയതിന് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. കൂടാതെ, സാഹിർ അലിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ഏഴുവർഷം കഠിന തടവിനും ശിക്ഷിച്ചിട്ടുണ്ട്. മരിച്ച രാജീവന്റെ കുടുംബത്തിന് വിക്ടിം കോമ്പൻസേഷൻ ആക്ട് പ്രകാരം ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.